വിജിലന്‍സില്‍ ജേക്കബ് തോമസിന്റെ പരിഷ്‌ക്കാരങ്ങള്‍ ബെഹ്റ നിര്‍ത്തി

By Web DeskFirst Published May 31, 2017, 6:46 AM IST
Highlights

തിരുവനന്തപുരം: വിജിലന്‍സില്‍ ജേക്കബ് തോമസ് കൊണ്ടുവന്ന പരിഷ്‌ക്കാരങ്ങള്‍ നിര്‍ത്തി ലോക്‌നാഥ് ബെഹ്‌റ. സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി കണ്ടെത്താന്‍ ജേക്കബ് തോമസ് തുടങ്ങിയ റിസര്‍ച്ച് അനാലിസിസ് ഇന്റലിജന്‍സ് വിംഗാണ് ബെഹ്‌റ നിര്‍ത്തുന്നത്. ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലെത്തിയവരോട് പഴയസ്ഥാപനത്തിലേക്ക് മടങ്ങാനാണ് ബെഹ്‌റയുടെ നിര്‍ദ്ദേശം.

അഴിമതിക്കെതിരെ ചുവപ്പ്, മഞ്ഞ കാര്‍ഡുകളുമായി ഇറങ്ങിയതിന് തൊട്ടുപുറകെയായിരുന്നു ജേക്കബ് തോമസ്, വിജിലന്‍സിന് കീഴില്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗ് തുടങ്ങിയത്. സേനയിലെ വിവിധ ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന്റെ പ്രധാന ലക്ഷ്യം സര്‍ക്കാര്‍ വകുപ്പുകളിലെ അഴിമതി കണ്ടെത്തല്‍. വിവിധ തസ്തികകളിലായി 140 പേരാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്.  ഏറ്റവും അധികം അഴിമതി തദ്ദേശ സ്വയംഭരണ വകുപ്പിലാണെന്ന് കണ്ടെത്തിയതും ഇതേ സംഘമാണ്. ജേക്കബ് തോമസിന് പകരം വിജിലന്‍സ് തലപ്പത്തെത്തിയ ബെഹ്‌റ റിസര്‍ച്ച് വിഭാഗത്തിന് ചുവപ്പ് കാര്‍ഡ് നല്‍കി. ഡെപ്യൂട്ടേഷന്‍ തീര്‍ന്ന 40 പേരോട് പഴയ സ്ഥാപനത്തിലേക്ക് മടങ്ങാന്‍ നിര്‍ദ്ദേശിച്ചു. ബാക്കിയുള്ളവരെയും കാലാവധി തീരും മുറക്ക് മടങ്ങാനാണ് നിര്‍ദ്ദേശം. അതേസമയം അഴിമതിയോട് സന്ധിയില്ലെന്നാണ് ബെഹ്‌റയുടെ വിശദീകരണം. അഴിമതിക്ക് തടയിടാന്‍ റിസര്‍ച്ച് ആന്റ് അനാലിസിസ് വിംഗിന് പകരം കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരുടെ സംഘം രൂപീകരിച്ചതായും ബെഹ്‌റ പറഞ്ഞു.

click me!