
സോച്ചി: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മിന്നും താരങ്ങളുടെ പകിട്ടുമായി ബെല്‍ജിയം കുപ്പായത്തിലിറങ്ങിയവരെ പിടിച്ചു നിര്‍ത്തി പനാമ. കന്നി ലോകകപ്പിനെത്തിയ പനാമയുടെ പ്രതിരോധ കോട്ട തകര്‍ക്കാന്‍ ഹസാര്‍ഡിനും സംഘത്തിനും ആദ്യ പകുതിയില്‍ സാധിച്ചില്ല. ഇരു ടീമുകളുടെയും ആക്രമണ പ്രത്യാക്രമണങ്ങളോടെയാണ് മത്സരത്തിന് തുടക്കമായത്.
വേഗവും ചടുതലയും കൊണ്ട് അമ്പരിപ്പിച്ച ബെല്‍ജിയത്തിന്‍റെ വമ്പന്‍ താരങ്ങളോട് ആദ്യ നിമിഷങ്ങളില്‍ കന്നി ലോകകപ്പ് കളിക്കുന്ന പനാമയുടെ താരങ്ങള്‍ പിടിച്ചു നിന്നു. ആറാം മിനിറ്റില്‍ കളിയിലെ ആദ്യ മികച്ച അവസരം ചുവപ്പന്‍ പട്ടാളം തുറന്നെടുത്തു. ബോക്സിന് തൊട്ട് പുറത്ത് പന്ത് ലഭിച്ച തോമസ് മ്യൂണിയര്‍ മുന്നോട്ട് കയറിയെടുത്ത ഷോട്ട് പനാമയുടെ ഗോള്‍കീപ്പര്‍ ജെയ്മി പെനഡോ കുത്തിയകറ്റി.
11-ാം മിനിറ്റില്‍ പനാമ നായകന്‍ റോമന്‍ ടോറസിന് പറ്റിയ അമളി മുതലാക്കി ഏദന്‍ ഹസാര്‍ഡും ഷോട്ട് ഉതിര്‍ത്തെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. പനാമിയന്‍ താരങ്ങളുടെ അനുഭവപരിചയമില്ലായ്മ മുതലാക്കിയായിരുന്നു ബെല്‍ജിയത്തിന്‍റെ മുന്നേറ്റങ്ങളേറെയും. പ്രതിരോധ നിരയിലെ കരുത്തന്‍ വിന്‍സെന്‍റ് കമ്പനി ഇല്ലെങ്കിലും പനാമയുടെ മുന്നേറ്റങ്ങള്‍ അപകടം വിതയ്ക്കാതെ നോക്കാന്‍ ബെല്‍ജിയത്തിന് കഴിഞ്ഞു.
കളിയില്‍ ആധിപത്യം ഉറപ്പിച്ചെങ്കിലും ബെല്‍ജിയത്തിന്‍റെ മുന്നേറ്റങ്ങളെ ടോറസിന്‍റെ നേതൃത്വത്തിലുള്ള പനാമയുടെ പ്രതിരോധപ്പടയ്ക്കു മുന്നില്‍ തകരുകയായിരുന്നു. ഇതിനെ വേഗം കൊണ്ട് മറികടന്ന് ഹസാര്‍ഡ് 35-ാം മിനിറ്റില്‍ കുതിച്ച് കയറിയെങ്കിലും അതും പെനഡോ തടുത്തു. സെറ്റ് പീസുകളില്‍ മികച്ച നീക്കങ്ങള്‍ മെനഞ്ഞ ബെല്‍ജിയം പനാമയെ പല ഘട്ടത്തിലും വിറപ്പിച്ചു. എങ്കിലും ആദ്യ പകുതിയില്‍ ഗോള്‍ നേട്ടം ആഘോഷിക്കാന്‍ ഹസാര്‍ഡിനെയും സംഘത്തെയും ലോകകപ്പിലെ കന്നിക്കാര്‍ സമ്മതിച്ചില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam