അറബ് നാട്ടിലെ വലിയ ഹിന്ദുക്ഷേത്രം അബുദാബിയില്‍

By Web DeskFirst Published Feb 11, 2018, 12:23 AM IST
Highlights

അബുദാബി: ഹിന്ദുക്ഷേത്രം നിര്‍മ്മിക്കാന്‍ അബുദാബിയില്‍ പതിമൂന്ന് ഏക്കര്‍ സ്ഥലം നല്‍കി യുഎഇ ഭരണകൂടം. കിരീടവകാശിയുടെ നിര്‍ദ്ദേശപ്രകാരം അബുദാബി-ദുബയ് ഹൈവേയില്‍ കണ്ടെത്തിയ പ്രധാന സ്ഥലമാണ് ഇന്ത്യയിലെ സന്ന്യാസികള്‍ക്ക് കൈമാറുന്നത്. എല്ലാ മതവിഭാഗങ്ങള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന മന്ദിരമാണ് നിര്‍മ്മിക്കുകയെന്ന് സ്വാമിനാരായാണ സന്‍സ്തയുടെ മുഖ്യവക്താവ് സ്വാമി ബ്രഹ്മവിഹാരി ദാസ് ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു.

ഗുജറാത്തിലെ ബിഎപിഎസ് സ്വാമിനാരായണ്‍ സംസ്തയ്ക്കാണ് അബുദാബിയിലെ ആദ്യ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അവകാശം നല്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടി താല്‍പര്യപ്രകാരമാണിതെന്നാണ് സൂചന. ദില്ലിയിലെയും അഹമ്മദാബാദിലെയും അക്ഷര്‍ധാം ക്ഷേത്രങ്ങളുടെ മാതൃകയിലുള്ള ക്ഷേത്രമാകും അബുദാബിയില്‍ വരിക. വലിയ ഗ്രന്ഥശാലയും സംവാദകേന്ദ്രങ്ങളും ക്ഷേത്രത്തിലുണ്ടാവും. കുട്ടികള്‍ക്ക് ആത്മീയ വിഷയങ്ങളില്‍ അറിവ് പകരാനുള്ള പഠനകേന്ദ്രവും നിര്‍മ്മിക്കും.

ക്ഷേത്രനിര്‍മ്മാണത്തിനുള്ള ധനസഹായം ഇതിനകം സമാഹരിച്ചുകഴിഞ്ഞു. അബുദാബിക്കും ദുബായിക്കും ഇടയ്ക്ക് എല്ലാ എമിറേറ്റ്സില്‍ നിന്നും സന്ദര്‍ശകര്‍ക്ക് എത്താന്‍ കഴിയുന്ന സ്ഥലത്താണ് നിര്‍മ്മാണം. ഏതെങ്കിലും ഒരു പ്രതിഷ്ഠയുടെ പേരിലല്ല, മറിച്ച് എല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാനുള്ള ക്ഷേത്രം എന്ന നിലയ്ക്കാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുന്പാണ് ക്ഷേത്രത്തിനു സ്ഥലം നല്കുമെന്ന ഉറപ്പ് യുഎഇ നല്കിയത്. 
 

click me!