Latest Videos

ബിസിനസുകാര്‍ തമ്മില്‍ പല പ്രശ്നങ്ങളും കാണും; ബിനോയ് വിഷയത്തില്‍ മുഖ്യമന്ത്രി

By Web DeskFirst Published Feb 6, 2018, 10:43 AM IST
Highlights

 

തിരുവനന്തപുരം:കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മുന്‍നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലോ കേരളത്തിലോ തീര്‍ക്കാവുന്ന ഒരു കേസല്ല ബിനോയ് കോടിയേരിയുടെ പേരിലുള്ളത്. കോടിയേരിയുടെ മക്കൾക്ക് ബിസിനസ് ആണ്. ബിസിനസുകാർ തമ്മിൽ പലപ്പോഴും പല പ്രശ്നങ്ങൾ കാണും. എന്താണ് കാര്യങ്ങളെന്ന് ബിനോയ് കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ട്- മുഖ്യമന്ത്രി പറഞ്ഞു. 

സിപിഎമ്മിനേയും പാര്‍ട്ടി സെക്രട്ടറിയേയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചഴിക്കുകയാണ്. വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ചന്തയില്‍ സംസാരിക്കുന്നത് പോലെ നിയമസഭയില്‍ വന്നു സംസാരിക്കരുതെന്നും ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ചു കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 

സിപിഎം നേതാക്കളുടെ മക്കള്‍ക്കെതിരായ ആരോപണങ്ങളിലും ലോകകേരളസഭാ നടത്തിപ്പിലെ അഴിമതികളിലും അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടു വന്ന പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കരെയാണ് അടിയന്തര പ്രമേയം കൊണ്ടു വന്നത്. ബിനോയ് കോടിയേരിക്കെതിരെ മാത്രമല്ല ബിനീഷ് കോടിയെരിക്കെതിരേയും വിദേശത്ത് കേസുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിക്കൊണ്ട് അനില്‍ അക്കര പറഞ്ഞു. 

ബിനീഷിന്‍റെ പേരില്‍ വിദേശത്ത് മൂന്ന് കേസുകളുണ്ട്. ബിനീഷിന് ദുബായിലേക്ക് പോകാന്‍ യാത്രാവിലക്കുണ്ടെന്നും ബിനീഷ്, ബിനോയ്, ചവറ എംഎല്‍എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയന്‍ എന്നിവരെ കൂടാതെ സിപിഎം നേതാവ് ഇ.പി.ജയരാജന്‍റെ മകന്‍റെ പേരിലും വിദേശത്ത് കേസുണ്ടെന്ന് അനില്‍ അക്കര ആരോപിച്ചു. 

അതേസമയം പ്രമേയാവതരണത്തില്‍ നിന്ന് പ്രതിപക്ഷം പിന്‍വാങ്ങണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇത്തരം ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കുന്നത് ബാലിശമാണെന്നും വിദേശത്ത് രജിസ്റ്റര്‍ ചെയ്ത, സഭയുടെ ഭാഗമല്ലാത്ത ആളുകളുടെ പേരിലുള്ള കേസുകള്‍ സഭയിലേക്ക് വലിച്ചഴിക്കുന്നത് എന്തിനാണെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പ്രതിപക്ഷത്തോട് ചോദിച്ചു. 

എന്നാല്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രം വിഷയം ചര്‍ച്ച ചെയ്യാന്‍ പാടില്ലെന്ന മുഖ്യമന്ത്രിയുടെയും സ്പീക്കറുടേയും നിലപാടിനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. സോളാര്‍ കേസില്‍ മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സഭയില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് രമേശ് ചെന്നിത്തല സഭയെ ഓര്‍മ്മിപ്പിച്ചു. പുതിയ വിവാദങ്ങള്‍ മാധ്യമങ്ങള്‍ കെച്ചിചമച്ചതല്ല, സിപിഎമ്മില്‍ നിന്നും തന്നെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വന്നത്. നേതാക്കളുടെ മക്കള്‍ ബിസിനസ് ചെയ്യുന്നതില്‍ തെറ്റില്ല. പക്ഷേ അതു തട്ടിപ്പാകുമ്പോള്‍ ചര്‍ച്ച ചെയ്യേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. 

അതേസമയം തന്‍റെ മകനെതിരെ ഉയര്‍ന്നത് വ്യാജആരോപണങ്ങളാണെന്ന് പി.ജയരാജന്‍ എംഎല്‍എ പറഞ്ഞു. ഇത്തരം വ്യാജവാര്‍ത്തകള്‍ കൊടുക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പി.ജയരാജന്‍ സഭയില്‍ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസില്‍ തന്‍റെ മകന്‍റ പേരു പോലും തെറ്റായാണ് പ്രതിപക്ഷം രേഖപ്പെടുത്തിയതെന്നും കൃത്യമായ ധാരണയില്ലാതെയാണ് സഭയില്‍ വിഷയം ഉന്നയിക്കുന്നതെന്നും ഇപി ജയരാജന്‍ പരാതിപ്പെട്ടു. മുഖ്യമന്ത്രിയുടേയും പി.ജയരാജന്‍റേയും മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും വാല്‍ക്ക് ഔട്ട് നടത്തി. 


 

click me!