തനിക്കെതിരെ പരാതിയില്ലെന്ന് ബിനോയ് കോടിയേരി; ദുബായില്‍ പോകുന്നതിനും വിലക്കില്ല

By Web DeskFirst Published Jan 24, 2018, 1:04 PM IST
Highlights

തിരുവനന്തപുരം: ദുബായില്‍ തനിക്കെതിരെ പരാതിയില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ്‌ പറഞ്ഞു. തനിക്ക് ദുബായില്‍ പോകുന്നതിന് വിലക്കില്ലെന്നും ബിനോയ് പറഞ്ഞു. അതേസമയം ബിനോയ്‌ക്കെതിരെ ദുബായിലെ കമ്പനി സി.പി.എം പോളിറ്റ് ബ്യൂറോയ്‌ക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. 

2014ലെ ഇടപാടാണിത്. കൊട്ടാരക്കാര സ്വദേശി രാഹുല്‍ കൃഷ്ണ തന്റെ ബിസിനസ് പങ്കാളിയായിരുന്നു. രാഹുലിന് താന്‍ പണം നല്‍കാനുണ്ടായിരുന്നു. ഇതില്‍ 90 ശതമാനം പണവും താന്‍ നല്‍കിയെങ്കിലും ഈ ചെക്ക് രാഹുല്‍ കൃത്യസമയത്ത് കമ്പനിയില്‍ നല്‍കാത്തത് കൊണ്ടാണ് ഇങ്ങനെയൊരു പരാതിയുണ്ടായത്. നവംബറില്‍ ഇത്തരത്തിലൊരു കേസിന്റെ പേരില്‍ താന്‍ കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു. അന്ന് കോടതിയിൽ 60,000 ദിർഹം പിഴ അടച്ചു കേസ് ഒത്തു തീർപ്പാക്കി. മൊറോക്കോബാദ് പോലീസ് സ്റ്റേഷനലിലും ഹാജരായി. ഇപ്പോള്‍ ദുബായില്‍ തനിക്കെതിരെ കേസില്ലെന്നും ബിനോയ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പരാതിക്ക് പിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്ന് അറിയില്ല. കാറും മറ്റും വാങ്ങാനല്ല പണം വാങ്ങിയത്. മറിച്ച് രാഹുല്‍ കൃഷ്ണയുമായുള്ള ഇടപാടുകള്‍ക്കായാണ് പണം വാങ്ങിയതെന്നും ബിനോയ് പറയുന്നു. കേസുണ്ടായിരുന്നെങ്കില്‍ തനിക്ക് കോടതിയില്‍ ഹാജരാകാന്‍ കഴിയുമായിരുന്നില്ലെന്നും ശക്തമായ നിയമങ്ങളുള്ള ദുബായില്‍ താന്‍ അറസ്റ്റ് ചെയ്യപ്പെടുമായിരുന്നെന്നും ബിനോയ് പറഞ്ഞു.

കമ്പനിയുടെ പേരില്‍ ബാങ്ക് വായ്പയെടുത്ത് മുങ്ങിയെന്നാണ് ദുബായിലെ കമ്പനി സി.പി.എം പോളിറ്റ് ബ്യൂറോയ്‌ക്ക് പരാതി നല്‍കിയത്. ദുബായിലെ കോടതിയില്‍ നടപടികള്‍ തുടരുന്നുവെന്നു ഇന്‍റര്‍പോള്‍ നോട്ടീസിനുള്ള നടപടി തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്തിനെതിരെയും പരാതിയുണ്ട്.

click me!