റോബര്‍ട്ട് വദ്രക്കെതിരെ ബിജെപി

By Web DeskFirst Published Oct 17, 2017, 7:34 PM IST
Highlights

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയും വിവാദ ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയും തമ്മിലുളള ബന്ധത്തെക്കുറിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതികരിക്കണമെന്ന് ബിജെപി. ഇക്കാര്യത്തില്‍  കോണ്‍ഗ്രസിന്‍റെ  മൗനം പുറത്ത് വന്ന വിവരങ്ങള്‍ സത്യമെന്ന് അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ബിജെപി ആരോപിച്ചു. അമിത് ഷായുടെ മകനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തിരിച്ചടിയായാണ് റോബര്‍ട് വദ്രക്കെതിരെയുള്ള ബിജെപി നീക്കം.

സ്വിറ്റ്സര്‍ലന്‍റ്  കമ്പനി പിലാറ്റസിന് ജെറ്റ് വിമാന കരാര്‍ ലഭിച്ചതിലെ ഇടനിലക്കരനായ സഞ്ജയ് ഭണ്ഡാരിക്കെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം  നടത്തിവരികയാണ്. ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എറനോടിക്സിനെ പിന്തള്ളിയാണ് പിലാറ്റസ് കരാര്‍ നേടിയത്. ഇതിനിടെയാണ് സഞ്ജയ് ഭണ്ഡാരിയും സോണിയാഗന്ധിയുടെ മരുമകനായ റോബര്‍ട് വദ്രയും തമ്മിലുള്ള ഇടപാടുകള്‍ സംബന്ധിച്ച തെളിവകള്‍ ഒരു സ്വകാര്യ ചാനല്‍ പുറത്തു വിട്ടത്.

ജെറ്റ് ഇടപാട് നടന്ന 2012 ഓഗസ്റ്റില്‍ റോബര്‍ട് വദ്രയക്ക് , സഞ്ജയ് ഭണ്ഡാരി രണ്ട് ബിസിസനസ് ക്ലാസ് വിമാനടിക്കറ്റുകള്‍ വാങ്ങി നല്‍കിയതിന്‍റെ രേഖകളാണ് ഇതില്‍ പ്രധാനം. ഇതോടൊപ്പം വദ്രയുടെ ലണ്ടനിലെ വസതി 2016 ല്‍ സഞ്ജയ് ഭണ്ഡാരി പണം മുടക്കി മോടി പിടിപ്പിച്ചതിന്‍റെ തെളിവുകളും പുറത്തു വന്നു. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടില്ല. തുടര്‍ന്നാണ് പ്രതികരണത്തിന് സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും വെല്ലുവിളിച്ച് കൊണ്ട് ബിജെപി നേതൃത്വം രംഗത്ത് വന്നത്.

അമിത് ഷായുടെ മകന്‍ജയ് ഷാക്കെതിരെ ഒരു പോര്‍ട്ടല്‍ പുറത്ത് വിട്ട വാര്‍ത്തയുടെ പേരില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അമിത്ഷായേയും സോഷ്യല്‍മീഡിയയിലൂടെ നിരന്തരം പരിഹസിച്ചിരുന്നു.ഇതിന് തിരിച്ചടി നല്കിയാണ് നെഹ്റു കുടുംബത്തെ ലക്ഷ്യമിട്ടുള്ള ബിജെപി ആക്രമണം. വാദ്ര ടിക്കറ്റ് ഗേറ്റിനെക്കുറിച്ച് രാഹുല്‍ ഗാന്ധിയുടെ കാവ്യത്മകമായ പ്രതികരണത്തിനായി കാത്തിരിക്കുന്നു എന്നായിരുന്നു കേന്ദ്രമന്ത്രി സ്‍മൃതി ഇറാനിയുടെ ട്വിറ്റര്‍ കമന്‍റ് .

click me!