ബിജെപിയെയും ആര്‍എസ്എസിനെയും ഹിന്ദു ഭീകരരെന്ന് വിളിച്ച് സിദ്ധരാമയ്യ

By Web deskFirst Published Jan 11, 2018, 7:23 PM IST
Highlights

ബംഗളുരു: കര്‍ണാടക സര്‍ക്കാരിനെ ഹിന്ദു വിരുദ്ധരെന്ന് വിളിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപിയെയും ആര്‍എസ്എസിനെയും ഹിന്ദു ഭീകരരെന്ന് വിളിച്ചായിരുന്നു സിദ്ധരാമയ്യ തിരിച്ചടിച്ചത്. ബുധനാഴ്ച ജനങ്ങളെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തില്‍ ബിജപെിയെയും ആര്‍എസ്എസിനെയും ഭീകരവാദികളോടാണ് സിദ്ധരാമയ്യ ഉപമിച്ചത്. 

അവര്‍ ഒരു തരത്തില്‍ സ്വയം ഭീകരവാദികളാണ്. ബിജെപിയ്ക്കും ആര്‍എസ്എസിനും ബജ്‌റഗ് ദളിന്റെയുമെല്ലാം ഉള്ളില്‍ ഭീകരവാദികളുണ്ട്. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പിഎഫ്‌ഐ), സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ), ബജ്‌റംഗ് ദള്‍, വിശ്വഹിന്ദു പരിഷത്, മറ്റ് ഏത് സംഘടനയാണെങ്കിലും സമൂഹത്തിലെ സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. 

സിദ്ധരാമയ്യ സര്‍ക്കാര്‍ നയിക്കുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും ഇത് ഹിന്ദു വിരുദ്ധമാണെന്നും കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയില്‍ നടന്ന റാലിയില്‍ അമിത് ഷാ പറഞ്ഞിരുന്നു. ഇന്ത്യ വിരുദ്ധ സംഘടനയായ എസ്ഡിപിഐയ്‌ക്കെതിരായ എല്ലാ കേസുകളും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചുവെന്നും ഷാ ആരോപിച്ചു.

നിയമസഭാ തെരെഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയില്‍, സംസ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ കോണ്‍ഗ്രസും തിരിച്ച് പിടിയ്ക്കാന്‍ ബിജെപിയും കഠിന ശ്രമത്തിലാണ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബംഗളുരുവില്‍ നടന്ന റാലിയില്‍ പങ്കെടുക്കുകയും തുടര്‍ന്ന് ആദിത്യനാഥും സിദ്ധരാമയ്യയും തമ്മില്‍ വാഗ്വാദവും നടന്നിരുന്നു. ബിജെപി പരിവര്‍ത്തന യാത്രയുടെ അവസാന ദിനമായ ജനുവരി 28ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും കര്‍ണാടകയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 


 

click me!