
ഗാന്ധിനഗര്‍: ഗുജറാത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിജയ് രൂപാണിക്കൊപ്പം സ്മൃതി ഇറാനിയുടെയും പേര് ബി.ജെ.പി ചർച്ച ചെയ്യുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും. കാർഷിക ഗ്രാമീണ മേഖലകളിലെ അതൃപ്തി പരിഹരിക്കാൻ നടപടി വേണമെന്ന ആവശ്യം ബി.ജെ.പിയിൽ ശക്തമാകുകയാണ്.
ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ അരുൺ ജയ്റ്റ്ലി, സരോജ് പാണ്ഡെ എന്നിവരെ നിരീക്ഷകരായി ബി.ജെ.പി നിയോഗിച്ചിരുന്നു. ആരാകണം മുഖ്യമന്ത്രി എന്ന കാര്യത്തിൽ നരേന്ദ്രമോദിയും അമിത് ഷായുമായിരിക്കും അന്തിമ തീരുമാനമെടുക്കുന്നത്. ഇതുവരെ ഇക്കാര്യത്തിൽ അഭിപ്രായം ഇരുവരും നിരീക്ഷകരെ അറിയിച്ചിട്ടില്ല. ഇപ്പോഴത്തെ എം.എൽ.എമാരിൽ മുഖ്യമന്ത്രി വിജയ് രൂപാണിക്കു തന്നെയാണ് മുൻഗണന. എന്നാൽ കോൺഗ്രസ് ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളി നേരിടാൻ കേന്ദ്രത്തിൽ നിന്ന് ഒരു നേതാവിനെ അയയ്ക്കണം എന്ന നിർദ്ദേശവും പരിഗണനയിലുണ്ട്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ പേര് ചർച്ചയിലുണ്ടെന്നാണ് സൂചന.
എന്നാൽ പഞ്ചാബി, ബംഗാളി പശ്ചാത്തലമുള്ള സ്മൃതി ഇറാനി സംസ്ഥാനനേതാക്കൾക്ക് സ്വീകാര്യയല്ല. ഹിമാചലിൽ ജെ.പി നദ്ദയ്ക്കൊപ്പം പ്രേംകുമാർ ധുമലിന്റെ മകൻ അനുരാഗ് താക്കൂറിന്റെ പേരും ഉയരുന്നുണ്ട്. സ്ഥിതി കഠിനമായിരുന്നുവെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പാർലമെന്ററി ബോർഡ് യോഗത്തിൽ സമ്മതിച്ചു. നരേന്ദ്രമോദിയുടെ വിശ്വാസ്യത ചോർന്നുവെന്നാണ് ഫലം വ്യക്തമാക്കുന്നതെന്നായിരുന്നു ഇന്ന് രാഹുൽ ഗാന്ധിയുടെ പ്രതികരണം. അതേസമയം ഗ്രാമീണ മേഖല പാർട്ടിയെ കൈവിട്ടതിന്റെ കാരണം പരിശോധിക്കുമെന്ന് ധനകാര്യ മന്ത്രി അരുൺജെയ്റ്റ്‍ലി വ്യക്തമാക്കി. അതേസമയം സഖ്യകക്ഷികളായ ശിവസേനയും അകാലിദളും അവസരം മുതലെടുത്ത് ബി.ജെ.പിക്കെതിരെ രംഗത്തെത്തുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam