
ദില്ലി: കേരളം ഉള്‍പ്പടെ പാര്‍ട്ടിക്കു വലിയ ശക്തിയില്ലാത്ത ഏഴു സംസ്ഥാനങ്ങളില്‍ കരുത്താര്‍ജ്ജിക്കാനുള്ള ആഹ്വാനവുമായി അലഹബാദില്‍ നടന്ന ബിജെപി ദേശീയ നിര്‍വ്വാഹക സമിതി യോഗം സമാപിച്ചു. ഉത്തര്‍പ്രദേശില്‍ മായാവതിയും മുലായംസിംഗും ചേര്‍ന്നുള്ള അഴിമതിയുടെ ജുഗല്‍ബന്ദിക്ക് അറുതിവരുത്തണണമെന്ന് സമാപനറാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു.
അധികാരം വികസനത്തിനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനും ഉപയോഗിക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ആലഹബാദില്‍ ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിന്റെ സമാപന പ്രസംഗത്തില്‍ നിര്‍ദ്ദേശിച്ചു. സംവാദം, സഹാനുഭൂതി, സമന്വയം തുടങ്ങി ഏഴു വഴികളിലൂടെ പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. പ്രതിപക്ഷത്തെ വിലകുറച്ച് കാണേണ്ടെന്നും ജാഗരൂകരായിരിക്കണമെന്നും മോദി നിര്‍ദ്ദേശിച്ചു. നിര്‍വ്വാഹകസമിതി യോഗത്തിനു ശേഷമുള്ള ബഹുജനറാലിയിലൂടെ ബിജെപി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു. മായാവതിയും മുലായംസിംഗും അഴിമതിയുടെ കാര്യത്തില്‍ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച മോദി ബിജെപിയുടെ മുദ്രാവാക്യം വികസനമായിരിക്കുമെന്ന് വ്യക്തമാക്കി
എന്നാല്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷാ കൈരാനയില്‍ ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മാത്രം പലായനം ചെയ്യേണ്ടി വരുന്ന വിഷയം ചൂണ്ടിക്കാട്ടി സമാജ്‌വാദി പാര്‍ട്ടി പ്രീണനത്തിന്റെ രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചു. വേദിയിലുണ്ടായിരുന്ന മുതിര്‍ന്ന നേതാവ് മുരളിമനോഹര്‍ ജോഷി താനുള്‍പ്പടെ എല്ലാവര്‍ക്കും പ്രചോദനമാണെന്ന് മോദി എടുത്തു പറഞ്ഞതു ശ്രദ്ധേയമായി. ജോഷിയെ അപമാനിക്കുന്നു എന്ന പോസ്റ്ററുകള്‍ യോഗസ്ഥലത്തിനടുത്ത് പ്രത്യക്ഷപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ടീം ഇന്ത്യയായി പ്രവര്‍ത്തിക്കണമെന്ന് ദേശീയ നിര്‍വ്വാഹകസമിതി യോഗം പാസ്സാക്കിയ രാഷ്ട്രീയ പ്രമേയം ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam