
ന്യൂഡല്‍ഹി: ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി കെ സി പട്ടേലിനെ ഹണി ട്രാപ്പിൽ കുടുക്കിയ യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. ഗാസിയബാദിലെ യുവതിയുടെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. നഗ്ന വീഡിയോ പുറത്തുവിടാതിരിക്കണമെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്ന് യുവതി ഭീഷണിപ്പെടുത്തിയെന്ന പട്ടേലിന്‍റെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ മാസം മൂന്നിന് സഹായം അഭ്യര്‍ത്ഥിച്ച് ഗാസിയാബാദിലെ വീട്ടിലേക്ക് ക്ഷണിച്ച് വരുത്തിയ യുവതി ഉറക്കഗുളിക കലക്കിയ വെള്ളം നൽകിയ ശേഷം നഗ്ന ദൃശ്യങ്ങൾ പകര്‍ത്തിയെന്നാണ് ഗുജറാത്തിലെ വൽസാദിൽ നിന്നുള്ള എം പി കെ സി പട്ടേലിന്‍റെ പരാതി. അഞ്ചുകോടി രൂപ നൽകിയില്ലെങ്കിൽ നഗ്ന ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും മാനഭംഗക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായെന്നും കെ സി പട്ടേൽ കഴിഞ്ഞയാഴ്ച്ച ദില്ലി പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യുവതിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്.
അഭിഭാഷകയാണെന്നാണ് യുവതി പട്ടേലിനെ പരിചയപ്പെടുത്തിയത്. പട്ടേല്‍ ബലാത്സംഗം ചെയ്തിരുന്നുവെന്നും ശല്യം ഒഴിവാക്കാനാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും യുവതിയുടെ പരാതി . നിരവധി തവണ ദില്ലി പൊലീസിൽ പരാതിയുമായെത്തിയെങ്കിലും അധികാരപരിധിയിൽപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടി സ്വീകരിക്കാൻ തയ്യാറായില്ലെന്നും യുവതി ആരോപിക്കുന്നു. കെ സി പട്ടേലിനെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല.
യുവതിയും സംഘവും ഇത്തരത്തിൽ നിരവധി ആളുകളെ ഹണി ട്രാപ്പിൽ കുടുക്കിട്ടുണ്ടെന്നാണ് ദില്ലി പൊലീസിന്‍റെ വിശദീകരണം. ഹരിയാനയില്‍ നിന്നുള്ള ഒരു എംപിക്കെതിരെ ബലാത്സംഗത്തിന് പരാതി നല്‍കിയെങ്കിലും പിന്നീട് യുവതി പിന്‍വലിച്ചതായി പൊലീസ് പറഞ്ഞു. യുവതിയുടെ നേതൃത്വത്തിലുള്ള ഹണി ട്രാപ്പ് സംഘത്തെക്കുറിച്ചുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam