
ദില്ലി: താജ്മഹലിന്റെ പേരില്‍ വീണ്ടും വിവാദം. താജ്മഹൽ ഹിന്ദു ക്ഷേത്രമായിരുന്നെന്നും പേര് മാറ്റണമെന്നും ബിജെപി എംപി വിനയ് കത്യാർ. ശിവക്ഷേത്രം സ്ഥിതിചെയ്തിടത്താണ് താജ്മഹൽ നിർമിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിന്റെ അവശിഷ്ടത്തിലാണ് ഇതിന്റെ നിർമിതിയെന്നും വിനയ് കത്യാർ പറഞ്ഞു.
ഹിന്ദുക്ഷേത്രം ഷാജഹാൻ ചക്രവർത്തിക്ക് സമ്മാനമായി നൽകിയതാണെന്നും, മുംതാസിന്റെ സ്മരണയ്ക്കായി നിർമിച്ച ശവകുടീരമല്ല താജ്മഹലെന്നുമാണ് ഹിന്ദുതീവ്രവാദികൾ നടത്തുന്ന പ്രചാരണം. ഹിന്ദു ദേവൻമാരുടേയും ദേവികളുടേയും നിരവധി അടയാളങ്ങൾ താജിനുള്ളിൽ കാണാൻ കഴിയും. തേജോമഹൽ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇതിന്റെ മുകൾത്തട്ടിൽനിന്നും തുള്ളികളായി പതിച്ചിരുന്ന ജലം ഉപയോഗിച്ചിരുന്നതായും വിനയ് കത്യാർ പറഞ്ഞു.
ഇതൊരു ശവകുടീരമായിരുന്നെങ്കിൽ എന്തിനാണ് നിരവധി മുറികൾ നിർമിച്ചിരിക്കുന്നത്. ഇതിന്റെ പേര് തേജോമഹൽ എന്നാക്കി മാറ്റണം. ബ്രിട്ടീഷുകാർ നമ്മുടെ നിർമിതികളോന്നും നശിപ്പിച്ചിട്ടില്ല. എന്നാൽ മുഗൾ ഭരണാധികാരികൾ ചെയ്തതായും അദ്ദേഹം പറഞ്ഞു. ഒരു ഇടവേളയ്ക്ക് ശേഷം അയോദ്ധ്യ, ഉത്തര്‍പ്രദേശില്‍ ചര്‍ച്ചാ വിഷയമാകുകയാണ്.
അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കിയിരിക്കുകയാണ് വിശ്വഹിന്ദു പരിഷത്ത്. നേരത്തെ താജ്മഹൽ നിര്‍മിച്ചതു രാജ്യദ്രോഹികളാണെന്നും ചരിത്രം തന്നെ മാറ്റുമെന്നും ബിജെപി എംഎൽഎ സംഗീത് സോം അഭിപ്രായപ്പെട്ടിരുന്നു. യുപി സർക്കാരിന്റെ ഔദ്യോഗിക ടൂറിസം കൈപ്പുസ്തകത്തിൽ നിന്ന് താജ്മഹൽ ഒഴിവാക്കിയതും വൻവിവാദമായി. ഇതിന് പിന്നാലെയാണ് പുതിയ വാദവുമായി ബിജെപി എംപി രംഗത്തെത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam