ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗം നാളെ; സാമ്പത്തിക മാന്ദ്യം ചര്‍ച്ചയാകും

By Web DeskFirst Published Sep 24, 2017, 12:25 PM IST
Highlights

ദില്ലി: ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി യോഗം നാളെ ദില്ലിയില്‍ ചേരും. നിര്‍വ്വാഹക സമിതിക്ക് മുന്നോടിയായുള്ള പാര്‍ടി ഭാരവാഹികളുടെ യോഗം അമിത്ഷായുടെ നേതൃത്വത്തില്‍ ഇന്ന് വൈകീട്ട് നടക്കും. ജി.എസ്.ടി, നോട്ട് നിരോധനം, സാമ്പത്തിക മാന്ദ്യം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര ധനമന്ത്രിയുടെ വിശദീകരണം യോഗത്തിലുണ്ടാകും.
 
നോട്ട് നിരോധനത്തിലൂടെ പ്രതീക്ഷിച്ച നേട്ടം കേന്ദ്ര സര്‍ക്കാരിന് ഉണ്ടാക്കാനായിട്ടില്ല. അതിന് പിന്നാലെ ജി.എസ്.ടി കൂടി നടപ്പാക്കിയതോടെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധി നേരിടുകയാണ്. രാജ്യത്ത് സാമ്പത്തിക മാന്ദ്യം ഉണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ജയ്റ്റ്‌ലി തന്നെ സ്ഥിരീകരിച്ചു. ആഭ്യന്തര വളര്‍ച്ചാനിരക്കും കുറഞ്ഞു. ഗുജറാത്ത്, ഹിമാചല്‍പ്രദേശ്, കര്‍ണാടകം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സാമ്പത്തിക സാഹചര്യങ്ങള്‍ അനുകൂലമല്ല എന്നത് ബി.ജെ.പിക്ക് ഭീഷണിയാണ്. 

ഇക്കാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ ഉയര്‍ന്നുവന്നേക്കും. സാമ്പത്തിക രംഗം ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായുള്ള ഇപ്പോഴത്തെ നടപടികള്‍ ഭാവിയില്‍ ഗുണം ചെയ്യും എന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്. ഇക്കാര്യങ്ങളിലെ വിശദീകരണം കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി യോഗത്തിന് മുമ്പാകെ വെക്കും. സാമ്പത്തിക രാഷ്ട്രീയപ്രമേയങ്ങളും യോഗത്തില്‍ അവതരിപ്പിക്കും. നാളെ വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തെ അഭിസംബോധന ചെയ്യും. 

വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പും, 2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പും ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ സംസ്ഥാന ഘടകങ്ങള്‍ക്കുള്ള അഹ്വാനവും നിര്‍വ്വാഹക സമിതിയില്‍ ഉണ്ടാകും. ബി.ജെ.പി മുഖ്യമന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, സംസ്ഥാന അദ്ധ്യക്ഷന്മാര്‍ തുടങ്ങി രണ്ടായിരത്തിലധികം അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുക്കുക. നിര്‍വ്വാഹക സമിതിക്ക് മുന്നോടിയായി പാര്‍ടി ഭാരവാഹികളുടെ യോഗം ഇന്ന് വൈകീട്ട് ചേരും.

click me!