
ഭുവനേശ്വര്‍: കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മയപ്പെടുത്തി ഇടതുപക്ഷത്തെയും പ്രാദേശിക പാര്‍ട്ടികളെയും ലക്ഷ്യം വയ്‌ക്കുന്ന രൂപരേഖ തയ്യാറാക്കിയാണ് ബിജെപി ദേശീയ നിവ്വാഹകസമിതി യോഗം പിരിഞ്ഞത്. കോണ്‍ഗ്രസ് മുക്ത ഇന്ത്യ എന്ന മുദ്രാവാക്യം യോഗം ആവര്‍ത്തിച്ചില്ലെന്നത് ശ്രദ്ധേയമാണ്. ഇടതുപക്ഷത്തെയും പ്രാദേശിക പാര്‍ട്ടികളെയുമാണ് ബിജെപി ഇപ്പോള്‍ ലക്ഷ്യം വയ്‌ക്കുന്നതെന്ന് വ്യക്തം.
പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി നരേന്ദ്ര മോദിയെ ദേശീയ നിര്‍വ്വാഹകസമിതി യോഗം അവരോധിച്ചു. രാഷ്‌ട്പതി തെരഞ്ഞെടുപ്പില്‍ മോദിക്ക് തന്റെ സ്ഥാനാര്‍ത്ഥിയെ കൊണ്ടു വരാം. വാജ്പേയിയും എല്‍.കെ അദ്വാനിയും രൂപീകരിച്ച ബിജെപിയില്‍ അവര്‍ക്കൊന്നും നേടാനാവാത്ത അപ്രമാദിത്വമാണ് നരേന്ദ്ര മോദി കൈവരിച്ചിരിക്കുന്നത്. ഇത് ഊട്ടിയുറപ്പിച്ചു കൊണ്ടാണ് ഒഡീഷയിലെ ഭുവനേശ്വറില്‍ ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അവസാനിച്ചിരിക്കുന്നത്.
വാജ്പേയി ജീവിച്ചിരിക്കെ തന്നെ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നേതാവ് മോദിയാണെന്ന് അമിത് ഷാ പ്രഖ്യാപിച്ചതിനു പിന്നിലെ ലക്ഷ്യം വേറെയല്ല. ബിജെപി വളരണം. അത് മോദിയുടെ കീഴിലായിരിക്കണം എന്നാണ് അമിത് ഷാ നല്‍കിയ സന്ദേശം. രാഷ്‌ട്പതി ഉപരാഷ്‌ട്രപതി സ്ഥാനങ്ങള്‍ ആഗ്രഹിക്കുന്ന എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവര്‍ക്ക് ഇത് നല്ല സൂചനയല്ല.
ഒപ്പം ശിവരാജ് സിംഗ് ചൗഹാന്‍, രമണ്‍സിംഗ്, വസുന്ധര രാജെ തുടങ്ങിയ കരുത്തര്‍ക്ക് അവരുടെ സംസ്ഥാനങ്ങളില്‍ മോദി-അമിത് ഷാ ഇടപെടല്‍ പ്രതീക്ഷിക്കാം. അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പടെയുള്ള നേതാക്കളുടെ സ്വാധീനം ഇടിയുന്നു എന്ന സൂചനയും യോഗം നല്‍കുന്നു. നിര്‍വ്വാഹക സമിതിയില്‍ ഒരു വിമത ശബ്ദം പോലും ഉയര്‍ന്നില്ല എന്നത് മോദിയുടെ മേധാവിത്വത്തിന്റെ തെളിവാകുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam