മൂന്നില്‍ രണ്ട് ഭൂരിപക്ഷം: ത്രിപുര ഇനി ബിജെപിക്ക് സ്വന്തം

Arun A |  
Published : Mar 03, 2018, 12:01 PM ISTUpdated : Jun 08, 2018, 05:52 PM IST
മൂന്നില്‍ രണ്ട് ഭൂരിപക്ഷം: ത്രിപുര ഇനി ബിജെപിക്ക് സ്വന്തം

Synopsis

ഓര്‍ക്കുക അഞ്ച് വര്‍ഷം മുന്‍പ്  49 സീറ്റുകളില്‍ മത്സരിച്ച് കെട്ടിവച്ച കാശു പോയ പാര്‍ട്ടിയാണ് ഇടതുകോട്ട തകര്‍ത്ത് ഇപ്പോള്‍ അധികാരം പിടിച്ചിരിക്കുന്നത്

സം, അരുണാചല്‍ പ്രദേശ്, മേഘാലയ, മിസോറാം, മണിപ്പൂര്‍, നാഗാലാന്റ്, ത്രിപുര, സിക്കിം എന്നിവയാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന് ഒന്നായി അറിയപ്പെടുന്നത്. പരമ്പരാഗത ഹിന്ദി ശക്തികേന്ദ്രങ്ങള്‍ക്ക് പുറമെ മറ്റ് മേഖലകളിലും സ്വാധീനം ഉറപ്പിക്കാനുള്ള ബിജെപി ലക്ഷ്യത്തിലെ പ്രധാന ഉന്നമായിരുന്നു ഈ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍. 

ഇതില്‍ അസം, മണിപ്പൂര്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഭരണം പിടിക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കിയിരുന്നു.  ഈ ആത്മവിശ്വാസവുമായാണ് അവശേഷിച്ച സംസ്ഥാനങ്ങള്‍ കൂടി പിടിക്കാന്‍ അവര്‍ ഇറങ്ങിയത്. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നേതൃത്വത്തില്‍ തന്നെ വലിയ പദ്ധതിയാണ് ഇതിന് വേണ്ടി തയ്യാറാക്കിയത്. ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവായിരുന്നു ഇതിന്റെ  പ്രധാന ചുമതലക്കാരന്‍. 

ഇത്രയും സംസ്ഥാനങ്ങളില്‍ പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ത്രിപുരയിലായിരുന്നു. 2013 നിയമസഭ തെരഞ്ഞെടുപ്പില്‍ ത്രിപുരയില്‍ 50 സീറ്റുകളില്‍ മത്സരിച്ച ബിജെപിക്ക് 49 ഇടത്തും കെട്ടിവച്ച കാശ് പോയിരുന്നു. കിട്ടിയത് 1.54 ശതമാനം വോട്ടും. ഈ കണക്ക് മുന്നില്‍ വച്ചുകൊണ്ടാണ് സിപിഎമ്മിന്റെ ശക്തികേന്ദ്രം പിടിക്കാന്‍ ബിജെപി പ്ലാന്‍ തയ്യാറാക്കിയത്. ശക്തമായ പ്രതിപക്ഷമാകാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന സാധ്യതയെ പരമാവധി പ്രയോജനപ്പെടുത്താനാണ് ബിജെപി ത്രിപുരയില്‍ ശ്രമിച്ചത്.

ആര്‍എസ്എസിന്റെ ശക്തമായ കേഡര്‍ സംവിധാനത്തിന്റെ സഹായത്തോടെ ത്രിപുരയില്‍ പാര്‍ട്ടി ഘടകങ്ങള്‍ വളരെ വേഗത്തില്‍ രൂപപ്പെടുത്താന്‍ ബിജെപിക്ക് കഴിഞ്ഞു. അസംതൃപ്തരായി കഴിഞ്ഞിരുന്ന കോണ്‍ഗ്രസ് നേതാക്കളെ അണികള്‍ക്കൊപ്പം വന്‍തോതില്‍ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നു. വോട്ടര്‍മാരുടെ മനസ്സ് അറിയാന്‍ എല്ലാ മണ്ഡലത്തിലും വിപുലമായ സര്‍വെ നടത്തി. 15 ശതമാനത്തോളം നിഷ്പക്ഷ വോട്ടുകള്‍ എല്ലാ മണ്ഡലങ്ങളിലും ഉണ്ടെന്ന കണ്ടെത്തലായിരുന്നു ഇതില്‍ പ്രധാനം. 

പന്ന പ്രമുഖര്‍, ബൂത്ത് ലെവല്‍ കമ്മിറ്റികള്‍, ശക്തി കേന്ദ്രങ്ങള്‍, വിവിധ മോര്‍ച്ചകള്‍, ജില്ലാ കമ്മിറ്റി എന്നിങ്ങനെ വിവിധ തലത്തില്‍ പാര്‍ട്ടി ഘടങ്ങള്‍ സജ്ജീകരിച്ചു. ഓരോ വീടും കയറി പ്രവര്‍ത്തിക്കുന്ന താഴത്തെ ഘടകങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ വിവിധ ഘടകങ്ങളിലൂടെ സംസ്ഥാനതലത്തില്‍ എത്തുന്ന തരത്തിലാണ് ക്രോഡീകരണം നടന്നത്. താഴത്തെ ഘടകമായ പന്ന പ്രമുഖര്‍ തങ്ങളുടെ നിരീക്ഷണങ്ങള്‍ ബൂത്ത് കമ്മിറ്റിയെ അറിയിക്കും, ബൂത്ത് കമ്മിറ്റി ശക്തി കേന്ദ്രങ്ങള്‍ക്കും, ശക്തി കേന്ദ്രങ്ങള്‍ വിവര മണ്ഡലങ്ങള്‍ക്കുമാണ് അഭിപ്രായങ്ങള്‍ കൈമാറിയത്. ഇതാണ് ഒടുവില്‍ സംസ്ഥാന ഘടകത്തിലെത്തുന്നത്. ഇതിനെല്ലാം പിന്നില്‍ വലിയൊരു സംഘം തന്നെ പ്രവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ആറു മുതല്‍ രാത്രി 11 വരെ എണ്ണയിട്ട യന്ത്രം പോലെ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രചാരണം ബിജെപി ശക്തമാക്കി. 1993 മുതല്‍ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷത്തിന് സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിഞ്ഞില്ലെന്നതായിരുന്നു പ്രധാന പ്രചാരണ വിഷയം.  കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം എന്നിവയെല്ലാം വലിയ തോതില്‍ ചര്‍ച്ചയാക്കി. സിപിഎം സംസ്ഥാനത്ത് നടത്തുന്നത് കേഡര്‍ രാജാണെന്ന പ്രചാരണവും അഴിച്ചുവിട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ അധ്യക്ഷന്‍ അമിത് ഷായും തന്നെ പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ജനസംഖ്യയിലെ പ്രബല വിഭാഗമായ ആദിവാസികളെ പാടെ അവഗണിച്ചെന്ന പ്രചാരണവും ശക്തമാക്കി. ആദിവാസി വികാരത്തെ ഒപ്പം നിര്‍ത്താന്‍ ഐപിഎഫ്റ്റിയെ സഖ്യകക്ഷിയാക്കി.

കേന്ദ്രസര്‍വകലാശാലകളിലും ഐഐടികളിലും ഐഐഎമ്മിലും ഒക്കെ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്ത് എത്തിച്ച് പ്രചാരണം നടത്തുകയെന്ന തന്ത്രവും ബിജെപി നടത്തി. ഇതിന് പുറമെ സോഷ്യല്‍ മീഡിയയേയും ശക്തമായി ഉപയോഗിച്ചു. ഒരു സംസ്ഥാനത്തിന്റെ വികാരം കൃത്യമായ മനസ്സിലാക്കി നടത്തിയ ഈ കരുനീക്കങ്ങളുടെ ഫലമാണ് ഇപ്പോള്‍ ത്രിപുരയില്‍ ബിജെപി കൊയ്യുന്നത്. അഞ്ച് വര്‍ഷം മുന്‍പ്  49 സീറ്റുകളില്‍ മത്സരിച്ച് കെട്ടിവച്ച കാശു പോയ പാര്‍ട്ടിയാണ് ഇടതുകോട്ട തകര്‍ത്ത് ഇപ്പോള്‍ അധികാരം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 36 ശതമാനം വോട്ടു നേടിയ കോണ്‍ഗ്രസിന്റെ വോട്ടുവിഹിതം ഇക്കുറി വെറും ഒന്നരശതമാനമായി കുറഞ്ഞു എന്നത് കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാക്കും.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുലിന് ലഭിക്കുമോ മുൻകൂർ ജാമ്യം, ബലാല്‍സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ പരാതികൾ ഇന്ന് കോടതി പരിഗണിക്കും, ദിലീപ് നൽകിയത് അടക്കം 6 ഹർജികൾ