
മസ്കറ്റ്: ഒമാനിലെ സലാലയില്‍ കൊല്ലപ്പെട്ട മലയാളി നഴ്‌സ് ചിക്കു റോബര്‍ട്ടിന്റെ മൃതദേഹം ഇന്ന് രാത്രി നാട്ടിലേക്ക് കൊണ്ടുവരും. തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ ഭര്‍ത്താവ് ലിന്‍സണ് മൃതദേഹത്തിനൊപ്പം വരാനാവില്ല. ഒമാന്‍ എയര്‍ വിമാനത്തില്‍ മസ്‌കറ്റ് വഴി നെടുമ്പാശേരിയിലേക്കാണ് മൃതദേഹം കൊണ്ടുവരുന്നത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് റോയല്‍ ഒമാന്‍ പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായും സലാലയിലെ ഇന്ത്യന്‍ എംബസി കൗണ്‍സിലര്‍ മന്‍പ്രീത് സിംഗ് അറിയിച്ചു.
സുല്‍ത്താന്‍ ഖാബൂസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി നേരത്തെ തന്നെ പൂര്‍ത്തീകരിച്ചിരുന്നു.തിങ്കളാഴ്ച രാവിലെ മൃതദേഹം നെടുമ്പാശേരിയില്‍ എത്തും. മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും പൊലീസ് കസ്റ്റഡിയിലുള്ള ഭര്‍ത്താവ് ലിന്‍സണെ ഉടന്‍ നാട്ടിലേക്ക് വിടില്ലെന്ന് ഒമാന്‍ പൊലിസ് അറിയിച്ചു. കേസില്‍ തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയാകാത്തതാണ് ലിന്‍സന് നാട്ടില്‍ പോകുന്നതിന് തടസമാകുന്നത്.
കൊലപാതകവുമായി ബന്ധപ്പെട്ട് ലിന്‍സണ്‍ തോമസിനെതിരെ യാതൊരു കുറ്റവും ചുമത്തിയിട്ടില്ലെങ്കിലും നടപടി ക്രമങ്ങള്‍ തുടരുന്നതിനാലാണ് പുറത്തു വിടാത്തത്. സലാലയിലെ ബദര്‍ അല്‍ സമ ആശുപത്രിയില്‍ നഴ്‌സായിരുന്ന ചിക്കുവിനെ ഒമ്പത് ദിവസം മുന്‍പ് താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവ ദിവസം ചിക്കു രാത്രി 10 മണിക്കുള്ള ഷിഫ്റ്റിലാണ് ജോലിക്ക് പ്രവേശിക്കേണ്ടിയിരുന്നത്.
പത്തരയായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് അതേ ആശുപത്രിയിലെ തന്നെ പി ആര്‍ ഒ ആയ ഭര്‍ത്താവ് ലിന്‍സണ്‍ അന്വേഷിച്ച് ഫ്‌ളാറ്റിലത്തെിയപ്പോള്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന്, മുറിതുറന്ന് അകത്തുകയറിയപ്പോഴാണ് കിടക്കയില്‍ രക്തത്തില്‍ കുളിച്ചനിലയില്‍ ചിക്കുവിനെ കണ്ടത്തെിയത്. ഉടന്‍ ആശുപത്രിയിലത്തെിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. നാല് മാസം ഗര്‍ഭിണിയായിരുരുന്ന് ചിക്കുവിന്റെ അടിവയറ്റിലും കുത്തേറ്റിരിന്നു. കാതുകളും അറുത്ത നിലയിലായിരുന്നു.
മോഷണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. അയല്‍വാസിയായ പാകിസ്ഥാന്‍ പൗരനായ യുവാവിനെയും പൊലീസ് ചോദ്യംചെയ്ത് വരുന്നു. ഇതുകൂടാതെ ചിക്കുവും ഭര്‍ത്താവ് ലിന്‍സനുമായും അടുപ്പമുള്ള സുഹൃത്തുക്കളില്‍ നിന്നും സഹപ്രവര്‍ത്തകരില്‍ നിന്നും പൊലീസ് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.ആശുപത്രിയിലെ പുരുഷ ജീവനക്കാരില്‍നിന്നുള്ള വിരലടയാളം കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam