ഒന്നാം ക്ലാസുകാരന് കുത്തേറ്റ സംഭവം; ആറാം ക്ലാസുകാരിക്കായി തെരച്ചില്‍

By Web DeskFirst Published Jan 18, 2018, 3:43 PM IST
Highlights

ലഖ്‌നൗ: ആറുവയസുകാരന് സ്‌കൂളിലെ ശൗചാലയത്തില്‍ വെച്ച് കുത്തേറ്റ സംഭവത്തില്‍ ആറാം ക്ലാസുകാരിക്കായി തെരച്ചില്‍ തുടരുന്നു. സംഭവം മറച്ചുവെച്ചതിന് പ്രിന്‍സിപ്പാളിനെ അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ത്രിവേണി നഗര്‍ പ്രദേശത്തെ ബ്രൈറ്റ്‌‌ലാന്‍ഡ് സ്‌കൂളിലെ ഒന്നാം ക്ലാസുകാരനാണ് കുത്തേറ്റ ഋതിക്ക്. കുട്ടിക്ക് നെഞ്ചിലും വയറ്റിലും ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. അതേസമയം, ഋതിക്ക് അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

കുട്ടിയെ ആക്രമിച്ചത് ഒരു പെണ്‍കുട്ടിയാണെന്ന് ഋതിക്കിന്റെ അച്ഛന്‍ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കുട്ടിയെ ആക്രമിച്ചത് ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. അക്രമിയെ കണ്ടെത്തുന്നതിനായി സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചുവരുകയാണ്. അതേസമയം, ബ്ലൂ വെയ്ല്‍ ഗെയിമിന്റെ ഭാഗമാണോ ആക്രമണമെന്ന് സംശയിക്കുന്നതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. സ്‌കൂളിന്റെ വിവിധ ഭാഗങ്ങളിലായി 70ഓളം സിസിടിവി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ഇതിന്റെ ദൃശ്യങ്ങള്‍ ഉടന്‍ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ സെപ്തംബര്‍ 8ന് ഗുര്‍ഗാവിലെ റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ ശുചിമുറിക്കകത്ത് പ്രദ്യുമ്ന്‍ ഠാക്കൂര്‍ എന്ന വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടത് ദേശീയ തലത്തില്‍ തന്നെ ഏറെ ചര്‍ച്ചയായിരുന്നു. സംഭവത്തില്‍ സ്‌കൂള്‍ ബസ് കണ്ടക്ടര്‍ അശോക് കുമാറിനെ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പ്രദ്യുമ്‌നന്റെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ സ്‌കൂളിലെ തന്നെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.  പരീക്ഷയും അധ്യാപക രക്ഷാകര്‍തൃ യോഗവും മാറ്റിവെയ്ക്കാന്‍ രണ്ടാം ക്ലാസുകാരന്‍ പ്രദ്യുമാന്‍ ഠാക്കൂറിനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കഴുത്തറുത്ത് കൊന്നത്. ഇതിന് പിന്നാലെ വീണ്ടും ഇത്തരത്തില്‍ നടന്നൊരു ആക്രമണം സ്‌കൂള്‍ അധികൃതരും പൊലീസും ഏറെ ശ്രദ്ധയോടെയാണ് നിരീക്ഷിക്കുന്നത്.

click me!