മാഴ്‌സെലോ മടങ്ങിയെത്തും; ആവേശപ്പോരില്‍ ബ്രസീല്‍ ഇന്ന് ബെല്‍ജിയത്തിനെതിരേ

By Web DeskFirst Published Jul 6, 2018, 9:37 AM IST
Highlights
  • ലോക റാങ്കിംഗില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാമതുമാണ്.
  • പരിക്ക് ഭേദമായ മാഴ്‌സലോ ഇന്ന് ബ്രസീലിയന്‍ നിരയില്‍ തിരിച്ചെത്തും.

കസാന്‍: ലോകകപ്പ് ക്വാര്‍ട്ടറിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ബ്രസീല്‍ ഇന്ന് ബെല്‍ജിയത്തെ നേരിടും. ലോക റാങ്കിംഗില്‍ ബ്രസീല്‍ രണ്ടാം സ്ഥാനത്തും ബെല്‍ജിയം മൂന്നാമതുമാണ്. പരിക്ക് ഭേദമായ മാഴ്‌സലോ ഇന്ന് ബ്രസീലിയന്‍ നിരയില്‍ തിരിച്ചെത്തും. രാത്രി 11.30നാണ് മത്സരം ഇന്ന് ക്വാര്‍ട്ടറിലെ 'ഫൈനല്‍'. ബെലോ ഹൊറിസോണ്ടെയില്‍ നിന്ന് കസാനിലെത്തുമ്പോള്‍ കാലം ഒരുപാട് മാറി. ബ്രസീലും. 

കഴിഞ്ഞ ലോകകപ്പിലെ അവസാന രണ്ട് കളിയില്‍ നിന്ന് 10 ഗോള്‍ വഴങ്ങിയ ബ്രസീലിന്റെ വലയില്‍ ഇക്കുറി ഇതുവരെ എത്തിയത് ഒറ്റ ഒരെണ്ണം മാത്രം. അതിന്റെ എണ്ണം കൂട്ടാനുള്ള വരവാണ് ലുക്കാക്കുവും ഹസാര്‍ഡുമൊക്കെയടങ്ങുന്ന ബെല്‍ജിയത്തിന്റെ സുവര്‍ണ സംഘത്തിന്റേത്. തിയാഗോ സില്‍വ നയിക്കുന്ന പ്രതിരോധ മതിലില്‍ വിള്ളലുണ്ടായാല്‍ ബ്രസീല്‍ ഒന്ന് പരുങ്ങും. 

ജപ്പാനെതിരെ പോലും ഏതാണ്ട് തകര്‍ന്ന ബെല്‍ജിയം പ്രതിരോധത്തെ മറികടക്കാന്‍ നെയ്മറിനും വില്യനും കുടിഞ്ഞോക്കുമൊക്കെ അത്ര പണിപ്പെടേണ്ടിവരില്ലെന്ന് കരുതാം. മറുവശത്ത് ചുവന്ന ചെകുത്താന്‍മാര്‍ക്കും അതിനായാല്‍ കസാനില്‍ പോരാട്ടം കത്തിക്കയറും. 1986ന് ശേഷം ആദ്യമായി ലോകകപ്പിന്റെ  സെമിയിലെത്താനുള്ള ശ്രമത്തിലാണ് ബെല്‍ജിയം. 

പക്ഷെ ബ്രസീലിനെ അവര്‍ക്ക് തോല്‍പിക്കാനായിട്ടുള്ളത് അഞ്ച് പതിറ്റാണ്ട് മുന്പ് 1963ല്‍ മാത്രം. 2002 ലോകകപ്പില്‍ ഇരുവരും നേര്‍ക്കുനേര്‍വന്നപ്പോള്‍ ബെല്‍ജിയത്തെ കീഴടക്കിയ ബ്രസീലിന്റെ കുതിപ്പ് അവസാനിച്ചത് കിരീടനേട്ടത്തോടെ. ചരിത്രത്തിന്റെ ആവര്‍ത്തനമാണ് ബ്രസീല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 

മറുവശത്ത് കന്നിക്കിരീടം എന്ന ലക്ഷ്യത്തില്‍ വഴിമുടക്കാന്‍ ആര്‍ക്കുമാകില്ലെന്ന് ബെല്‍ജിയം വിശ്വസിക്കുന്നു. ഈ ലക്ഷ്യത്തോടെ വന്ന പലര്‍ക്കും നാട്ടിലേക്കുള്ള ടിക്കറ്റും നല്‍കിയാണ് വിട്ടതെന്ന് കാനറികളുടെ മറുപടി. എല്ലാ അവകാശവാദങ്ങള്‍ക്കുമപ്പുറം, കളത്തിലെ പ്രകടനം. അതാണ്, അത് മാത്രമാണ് കിരീടത്തിലക്കുള്ള ദൂരം കുറയ്ക്കുക. ആ വഴി മറ്റാരേക്കാളും നന്നായി അറിയുന്നത് ബ്രസീലിന് തന്നെയാണ്.
 

click me!