
ഓടുന്ന വാഹനത്തില്‍ നിന്നും ടയര്‍ ഊരിത്തെറിച്ച് തലയിലടിച്ച് വഴിയാത്രക്കാരന് ഗുരുതര പരിക്ക്. സംഭവത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ബ്രസീലിലാണ് സംഭവം.
പ്രധാന റോഡിന് കുറച്ചകലെയുള്ള വഴിയോരത്ത് കൂടി ഭാര്യയോടൊപ്പം നടന്നു പോകുകയായിരുന്നു അമ്പതുകാരനായ കാര്‍ലോസ് ഫെര്‍ണാണ്ടസ്. പൊടുന്നനെ റോഡില്‍ നിന്നും പിന്നിലൂടെ പാഞ്ഞെത്തിയ ടയര്‍ ഇയാളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എന്താണ് നടക്കുന്നത് എന്ന് ചിന്തിക്കാനുള്ള സമയം പോലും ഫെര്‍ണാണ്ടസിനോ ഭാര്യയ്ക്കോ ലഭിച്ചില്ല. തലയ്ക്ക് പിന്നില്‍ ടയര്‍ ശക്തിയായി ഇടിച്ചതിന് പിന്നാലെ മുഖമടച്ച് നിലത്തേക്കു വീണ ഫെര്‍ണാണ്ടസ് ബോധരഹിതനായി.
വഴിയോരത്തെ സിസിടിവിയില്‍ പതിഞ്ഞ ഇതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇടിച്ചുവീഴ്ത്തിയ ടയര്‍ മറ്റെവിടെയോ തട്ടി തിരികെ വരുന്നതും ആളുകള്‍ ഓടിക്കൂടുന്നതുമെല്ലാം വീഡിയോയിലുണ്ട്. തലയോട്ടിയില്‍ ക്ഷതമേറ്റ ഫെര്‍ണാണ്ടസ് ആശുപത്രിയില്‍ ആരോഗ്യ നില വീണ്ടെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടയര്‍ ഏത് വാഹനത്തിന്റേതാണെന്ന കാര്യം വീഡിയോയില്‍ വ്യക്തമല്ല. അമ്പരപ്പോടെയാണ് പലരും വീഡിയോയോടു പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam