പത്താം ക്ലാസ് പരീക്ഷക്കു മുമ്പേ പ്ലസ് ടു സീറ്റിന് ഫീസ് വാങ്ങി അമൃതാ വിദ്യാലയം

By Rasheed KPFirst Published Apr 5, 2018, 9:10 AM IST
Highlights
  • സിബിഎസ്ഇ പരീക്ഷാഫലം വരുന്നതിന് മുന്നേ പ്ലസ് വൺ പ്രവേശനം തുടങ്ങി
  • പ്രവേശനത്തിന് പതിനയ്യായിരം മുതൽ പതിനെട്ടായിരം വരെ ഫീസ്
  • കുട്ടി തോറ്റാലോ മാർക്ക് കുറഞ്ഞാലോ പണം തിരികെ നൽകില്ലെന്ന് സർക്കുലർ

പാലക്കാട്: പത്താം ക്ലാസ് പരീക്ഷ നടക്കുമ്പോൾ തന്നെ പണം വാങ്ങി പ്ലസ് വണ്‍ സീറ്റ് ഉറപ്പിക്കാന്‍ സ്കൂള്‍ മാനേജ്മെന്‍റ്. പാലക്കാട്ടെ അമൃത വിദ്യാലയം ആണ് സിബിഎസ്ഇ പരീക്ഷാഫലം വരുന്നതിന് മുമ്പു തന്നെ പതിനയ്യായിരം മുതല്‍ പതിനെട്ടായിരം രൂപ വരെ ഫീസ് വാങ്ങി അഡ്മിഷന്‍ നടത്തിയത്. കുട്ടി തോറ്റാലോ മാര്‍ക്ക് കുറഞ്ഞാലോ വാങ്ങിയ പണം തിരികെ നല്‍കില്ലെന്ന് മനേജ്മെന്‍റ് സര്‍ക്കുലര്‍ കൂടി ഇറക്കിയതോടെ ആശങ്കയിലാണ് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും.

ഇക്കഴിഞ്ഞ 28 ന് സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയുടെ അവസാന ദിവസമാണ്, കല്ലേക്കാട് അമൃത വിദ്യാലയം വിദ്യാര്‍ത്ഥികളില്‍ നിന്ന് നിര്‍ബന്ധിതമായി പ്ലസ് വണ്‍ അപേക്ഷ ഫോറം പൂരിപ്പിച്ചു വാങ്ങിയത്. പരിമിതമായ സീറ്റുകളാണ് ഉള്ളതെന്നും ഏറ്റവും വേഗത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് അവിടെ തന്നെ പഠിക്കാമെന്നും, അപേക്ഷ പൂരിപ്പിച്ചു നല്‍കണമെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമ്മര്‍ദ്ദത്തിലായി. മറ്റൊരു സ്കൂളില്‍ സീറ്റ് കിട്ടിയില്ലെങ്കിലോ എന്ന പേടി മൂലം, ആദ്യ ടേം ഫീസടക്കം 16000 രൂപ മുന്‍കൂര്‍ നല്‍കാന്‍ രക്ഷിതാക്കള്‍ നിര്‍ബന്ധിതരായി.

പരീക്ഷ ദിവസങ്ങളില്‍ കുട്ടികളെ സമ്മര്‍ദ്ദത്തിലാക്കിയ സ്കൂള്‍ അധികൃതരുടെ നടപടിയെ രക്ഷിതാക്കളില്‍ ചിലര്‍ ചോദ്യം ചെയ്തെങ്കിലും വാങ്ങിയ പണം തിരികെ നല്‍കില്ലെന്ന നിലാപാടായിരുന്ന സ്കൂളിന്‍റേത്. പരീക്ഷാ ഫലം പോലും വരും മുമ്പേ എങ്ങനെ അഡ്മിഷന്‍ നടത്തിയെന്ന് സ്കൂള്‍ പ്രിന്‍സിപ്പാളിനോട് ചോദിച്ചപ്പോള്‍ താല്‍ക്കാലിക അഡ്മിഷനാണ് നടത്തിയതെന്നായിരുന്നു മറുപടി. പ്ലസ് വണ്ണിലേക്ക് ആവശ്യത്തിന് കുട്ടികള്‍ ഇല്ലാത്തത് പരിഹരിക്കാനുള്ള സ്കൂളിന്‍റെ നീക്കമാണ്, പത്താം ക്ലാസ് പരീക്ഷാ ഫലം വരും മുമ്പേ ഉള്ള ഈ അഡ്മിഷന്‍ എന്നാണ് രക്ഷിതാക്കളുടെ ആരോപണം.

click me!