
എറണാകുളം: കലൂരില്‍ കെട്ടിടം തകര്‍ന്നു വീണ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ ഉന്നതതല സമിതി. കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി. അപകടത്തെ കുറിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.
കെട്ടിടത്തിന്റെ അടിത്തറ നിര്‍മാണത്തിനായി ആഴത്തില്‍ പൈലിങ് നടത്തിയത് അപകടത്തിലേക്ക് നയിച്ചെന്നാണ് പ്രാഥമിക അന്വേഷണ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന് കളക്ടര്‍ നിലപാടെടുക്കുകയായിരുന്നു.
ദുരന്ത നിവാരണ വിഭാഗം, പൊതുമരാമത്ത്, മൈനിംഗ് ആന്റ് ജിയോളജി തുടങ്ങി വിവിധ വകുപ്പുകളില്‍ ഉള്ളവരെ ഉള്‍പ്പെടുത്തിയാണ് ഉന്നതതല സമിതി. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കെട്ടിടത്തിന്റെ തുടര്‍ നിര്‍മ്മാണം. തുടര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കുന്നകാര്യത്തില്‍ ജില്ലാ കളക്ടര്‍ അന്തിമ തീരുമാനം സ്വീകരിക്കുക.
അതിനിടെ അപകടത്തില്‍ തകര്‍ന്ന റോഡ് പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ പുനര്‍നിര്‍മ്മിച്ച് തുടങ്ങി. തിങ്കളാഴ്ച പണി പൂര്‍ത്തിയാക്കി ചൊവ്വാഴ്ച രാവിലെയോടെ ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് നീക്കം. റോഡ് പണിയാനുള്ള തുക കെട്ടിടനിര്‍മാണത്തിന് കരാര്‍ എടുത്ത കമ്പനി സര്‍ക്കാരിലേക്ക് അടയ്ക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കെട്ടിടം നിലപൊത്തിയ സ്ഥലം മണ്ണിട്ട് നികത്തുന്ന ജോലിയും പുരോഗമിക്കുകയാണ്. വ്യാഴാഴ്ച രാത്രിയാണ് കലൂര്‍ മെട്രോ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരുന്ന കെട്ടിടം തകര്‍ന്ന് വീണത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam