വനത്തില്‍ ആന ചവിട്ടിക്കൊന്നെന്ന് സംശയിക്കപ്പെട്ടയാളുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുത്തു

By Web DeskFirst Published Jan 6, 2017, 6:19 AM IST
Highlights

കഴിഞ്ഞ ദിവസം രാത്രിയാണ് തട്ടേക്കാട് വനത്തിനുള്ളില്‍ നിന്ന് രണ്ട് പേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ വനത്തിനുള്ളില്‍ എന്തിന് പോയെന്ന അന്വേഷണത്തനൊടുവില്‍ തോക്ക് അടക്കമുള്ള ആയുധങ്ങളും ടോര്‍ച്ച് പോലുള്ള മറ്റു് സാധനങ്ങളും വനത്തിനുള്ളില‍ നിന്ന് കണ്ടെടുത്തു. ഇതോടെയാണ് ഇവര്‍ നായാട്ടിനാണ് വനത്തിലെത്തിയതെന്ന് വനംവകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അനുമാനിച്ചത്. പരിക്കേറ്റ തട്ടേക്കാട് സ്വദേശി ടോണിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ബേസില്‍ എന്നയാള്‍ ഇപ്പോഴും ചികിത്സയിലാണ്. ആന ചവിട്ടിയതിന് സമാനമായ പരിക്കുകളാണ് ബേസിലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്. ഇതോടെയാണ് നായാട്ടിനിടെ അവരെ കാട്ടാനക്കൂട്ടം ആക്രമിച്ചതാവാമെന്ന നിഗമനത്തില്‍ വനം വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ എത്തിയത്. ആനയുടെ ചവിട്ടേറ്റ് രണ്ടായി പിളര്‍ന്ന നിലയിലാണ് തോക്ക് കണ്ടെടുത്തതും. 

എന്നാല്‍ ടോണിയുടെ ശരീരത്തില്‍ ആന ചവിട്ടിയ പരിക്കുകളൊന്നുമില്ലെന്ന് ഇന്ന് മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തപ്പോള്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെടുക്കുകയും ചെയ്തു. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. സാരമായ മറ്റ് പരിക്കുകളൊന്നും ശരീരത്തില്‍ കണ്ടെത്താനുമായിട്ടില്ല. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. സംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് പേര്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇവരെ ഇതുവരെ കണ്ടെത്താനുമായിട്ടില്ല. ഇവര്‍ക്കായി പൊലീസ് അന്വേഷണം ഔര്‍ജ്ജിതമാക്കിയിട്ടുണ്ട്.

click me!