വിമാനത്തിലെ ഭക്ഷണത്തില്‍ ബട്ടണ്‍; ജെറ്റ് എയര്‍വേയ്‍സിന് പിഴ ശിക്ഷ

By Web DeskFirst Published Dec 19, 2017, 11:09 AM IST
Highlights

ന്യൂഡല്‍ഹി: വിമാനത്തില്‍ യാത്രക്കാരന് നല്‍കിയ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ടെത്തിയ സംഭവത്തില്‍ ജെറ്റ് എയര്‍വേയ്സ് കമ്പനിക്ക് പിഴ ശിക്ഷ വിധിച്ചു. സൂറത്ത് സ്വദേശിയായ ഹേമന്ദ് ദേശായി എന്നയാളാണ് 2014 ഓഗസ്റ്റ് ആറിന് നടന്ന സംഭവത്തില്‍ പരാതി നല്‍കിയത്. ഡല്‍ഹിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന് കിട്ടിയ ഗാര്‍ലിക് ബ്രെഡിലാണ് ബട്ടണ്‍ കണ്ടെത്തിയത്. 

മോശം ഭക്ഷണം നല്‍കിയതിന് പുറമെ ഇത് ചൂണ്ടിക്കാട്ടിയപ്പോള്‍ ജീവനക്കാര്‍ മോശമായി പെരുമാറിയെന്നും പരാതി എഴുതിനല്‍കാന്‍ കംപ്ലെയിന്റ് ബുക്ക് നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് അദ്ദേഹം ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തെ സമീപിച്ചത്. എന്നാല്‍ പരാതി ഒതുക്കിത്തീര്‍ക്കാന്‍ കമ്പനി ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വിമാനത്തില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്ന എം.പിയുടെ സത്യവാങ്മൂലവും അദ്ദേഹം തെളിവായി ഹാജരാക്കി. എന്നാല്‍ ഭക്ഷണത്തില്‍ ബട്ടണ്‍ കണ്ട സംഭവത്തിന് തെളിവില്ലെന്നായിരുന്നു കമ്പനി കോടതിയില്‍ വാദിച്ചത്. എന്നാല്‍ കമ്പനി ഖേദം പ്രകടിപ്പിച്ചുകൊണ്ട് തനിക്ക് അയച്ച ഇ-മെയില്‍ ഉള്‍പ്പെടെ അദ്ദേഹം കോടതിയില്‍ ഹാജരാക്കി.

സംഭവം വിശദമായി പരിശോധിച്ച കോടതി, എയര്‍ലൈന്‍ കമ്പനിക്ക് പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമേ ഉള്ളൂവെന്നാണ് വ്യക്തമാകുന്നതെന്ന് നിരീക്ഷിച്ചു. തുടര്‍ന്ന് 50,000 രൂപ പരാതിക്കാരന് നഷ്‌ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. കേസ് നടത്തിയ ചിലവിലേക്ക് 5000 രൂപയും കമ്പനി നല്‍കണം.

 

click me!