കേരള പി.വി.സിയുടെ കോപ്പിയടി ഇന്ന് കാലിക്കറ്റ് സെനറ്റ് ചര്‍ച്ച ചെയ്യും; ഡോക്ടറേറ്റ് തിരിച്ചെടുക്കാന്‍ സാധ്യത

By Web DeskFirst Published Jul 25, 2016, 5:15 AM IST
Highlights

യുഡിഎഫ് നോമിനികളെ ഒഴിവാക്കി ആറ് എല്‍ഡിഎഫ് നോമിനികളെ ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാ‍ര്‍ ഉത്തരവ് വെള്ളിയാഴ്ച രാത്രിയാണ് പുറത്തിറങ്ങിയത്. ഇതോടെ കാലിക്കറ്റ് സര്‍വ്വകലാശാല സിന്‍ഡിക്കേറ്റില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടി. എല്‍ഡിഎഫിന് 13 അംഗങ്ങളും, യുഡിഎഫിന് 11 അംഗങ്ങളുമാണുള്ളത്. പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഡോ.പി ശിവദാസന്‍, ഡോ. പി അബ്ദുല്‍ മജീദ്, ഡോ. സിസി ബാബു, ഡോ. പികെ വിജയരാഘവന്‍, റിട്ട. അധ്യാപിക സിപി ചിത്ര, കെകെ ഹനീഫ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. 

27, 28 തിയ്യതികളിലെ നാക് സംഘത്തിന്റെ സന്ദര്‍ശത്തിന് മുന്നോടിയായി സ്വീകരിക്കേണ്ട നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. കേരള സര്‍വ്വകലാശാല പ്രോ വൈസ് ചാന്‍സിലര്‍ എന്‍. വീരമണികണ്ഠന്റെ ഗവേഷണ പ്രബന്ധം കോപ്പിയടിച്ചതാണെന്ന സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ കണ്ടെത്തലും പരിഗണയ്‌ക്ക് വരും. റിപ്പോര്‍ട്ട് ഉടന്‍ നടക്കുന്ന സെനറ്റ് യോഗത്തിന് സമര്‍പ്പിക്കാനാണ് സാധ്യത. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഈ റിപ്പോര്‍ട്ട് സെനററ് അംഗീകരിച്ചാല്‍ ഗവര്‍ണ്ണര്‍ക്ക് കൈമാറും. ബിരുദം നല്‍കാനും പിന്‍വലിക്കാനുമുള്ള സെനറ്റിന്റെ നിര്‍ദ്ദേശം ഗവര്‍ണ്ണര്‍ കൂടി അംഗീകരിക്കുന്നതോടെ വീരമണികണ്ഠന്റെ ഡോക്ടറ്റേറ്റ് ബിരുദം റദ്ദാകും. പിന്നീട് അദ്ദേഹത്തിന് പി.വി.സി സ്ഥാനത്ത് തുടരാനാകില്ല.

click me!