
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കരുത് എന്ന അധ്യാപകരുടെ നിര്‍ദ്ദേശത്തില്‍ ഇടപെടുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. പ്രിന്‍സിപ്പലിനോട് വിശദീകരണം ചോദിക്കുമെന്നും ചിന്ത ജെറോം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മെഡിക്കല്‍ കോളജില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്നാല്‍ പഠിപ്പിക്കാനാകില്ലെന്നും അങ്ങനെ തുടര്‍ന്നാല്‍ മാര്‍ക്ക് നല്‍കില്ലെന്നും ഒരു വിഭാഗം അധ്യാപകര്‍ നിലപാടെടുത്തതാണ് വിവാദമായത്. ഒരുമിച്ചിരുന്നു എന്ന കാരണത്താല്‍ ആദ്യ വർഷ എംബിബിഎസ് വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി ഈ അധ്യാപകര്‍ അപമാനിച്ചെന്നും പരാതി ഉയരുന്നുണ്ട്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ ബെഞ്ചിലിരുന്ന് പഠിച്ചാല്‍ ഏകാഗ്രത നഷ്ടമാകും, നോട്ടെഴുതാന്‍ പറ്റില്ല. എന്നിങ്ങനെ അധ്യാപകരുടെ പരാതി നീളുകയാണ്. ആണ്‍ പെണ്‍ ബന്ധങ്ങളെക്കുറിച്ച് കോളജ് യൂണിയന്‍ സംഘടിപ്പിച്ച ഒരു സെമിനാറിന് ശേഷമാണ് ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികള്‍ ഇടകലര്‍ന്നിരിക്കാന്‍ തീരുമാനിച്ചത്. ഇതിനെയാണ് ഒരു വിഭാഗം മുതിര്‍ന്ന അധ്യാപകര്‍ ചോദ്യം ചെയ്തത്. പിന്നീട് രക്ഷിതാക്കളെ വിളിച്ചുവരുത്തി. മാത്രവുമല്ല ഇതേക്കുറിച്ച് ഒരു പിജി വിദ്യാർഥിനി ഇട്ട ഫെയ്സ് ബുക്ക് ലൈക്ക് ചെയ്തവരുടെ പേരുകള്‍ വെളിപ്പെടുത്തി അവരെ അപമാനിച്ച് സംസാരിച്ചതായും പരാതി ഉണ്ട്. കോളജിലെ ഒരു വിഭാഗം അധ്യാപകരുടെ നിലപാടിനെതിരെ അധ്യാപകരും വിദ്യാർഥികളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം തിങ്ങി ഞെരുങ്ങി ഇരിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടി ഇങ്ങനെ ഇരിക്കണോ എന്നു മാത്രമാണ് ചോദിച്ചതെന്നാണ് വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ളവരുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam