കാമുകന്‍മാര്‍ക്ക് വേണ്ടിയായിരുന്നു റാണി മകളെ കൊലയ്ക്ക് കൊടുത്തത്

By Web DeskFirst Published Jan 15, 2018, 12:23 PM IST
Highlights

ചോറ്റാനിക്കര: നാല് വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ കാമുകന്‍മാര്‍ക്ക് കാഴ്ചവച്ച അമ്മ റാണി ക്രൂരതയുടെ പ്രതിരൂപമായിരുന്നു. 2013 ഒക്ടോബര്‍ 29നായിരുന്നു നാലുവയസുകാരിയെ അമ്മയും കാമുകന്‍മാരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.  അവിഹിത ബന്ധത്തിന് തടസ്സമാകുമെന്ന് കരുതിയായിരുന്നു അമ്മയും കാമുകനും ചേര്‍ന്ന്  കൊലനടത്തിയത്. കാമുകന്‍ രഞ്ജിത്തായിരുന്നു  കുട്ടിയെ കൊലപ്പെടുത്തി അമ്മ റാണിയുടെ സഹായത്തോടെ മറവു ചെയ്തത്.  പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് റാണി തന്നെ ചോറ്റാനിക്കര പോലീസിലെത്തി പരാതി നല്‍കി. ഇവരുടെ മൊഴികളില്‍ സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തു. ഇതോടെ  കൊലപാതകത്തിന്റെ രഹസ്യം  പുറത്തുവന്നു.

സംഭവം നടക്കുമ്പോള്‍ റാണിയുടെ ഭര്‍ത്താവായ വിനോദ് കഞ്ചാവുകേസില്‍ ജയിലിലായിരുന്നു. റാണിക്ക് രഞ്ജിത്തുമായി വര്‍ഷങ്ങളായി അവിഹിത ബന്ധമുണ്ടായിരുന്നു. മറ്റൊരു കാമുകനായിരുന്ന ബേസില്‍, സഹോദരന്‍ എന്ന വ്യാജേനയാണ് അമ്പാടിമലയിലെ വീട്ടില്‍ റാണിക്കൊപ്പം കഴിഞ്ഞിരുന്നത്.

സംഭവ ദിവസം സ്‌കൂള്‍വിട്ട്  കുട്ടി വരുമ്പോള്‍ റാണിയും ബേസിലും സ്ഥലത്തില്ലായിരുന്നു.  വീട്ടിലുണ്ടായിരുന്ന രഞ്ജിത്ത് കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ കുട്ടിയുടെ മുഖം പൊത്തിപ്പിടിച്ചു. ചെറുത്ത കുട്ടിയുടെ കഴുത്തില്‍ കൈമുറിക്കിയ ശേഷം എടുത്ത് എറിഞ്ഞു. തലയുടെ പിന്‍വശം ഇടിച്ചാണ് കുട്ടി വീണത്. തുടര്‍ന്ന് കുട്ടിയുടെ മൃതദേഹം ടെറസിന്റെ മുകളില്‍ ഒളിപ്പിച്ചു. 

ആസമയത്ത് ബേസിലും റാണിയും വീട്ടില്‍ തിരിച്ചെത്തി. ആദ്യം കാര്യം മറച്ചുവച്ചെങ്കിലും തിരച്ചില്‍ തുടര്‍ന്നപ്പോള്‍ യഥാര്‍ഥവിവരം രഞ്ജിത്ത് അറിയിച്ചു. മൃതദേഹം മറവുചെയ്യാന്‍ റാണി തന്നെയാണ് സ്ഥലംകണ്ടെത്തിയതും മുന്‍കൈ എടുത്തതും. രഞ്ജിത്തിന്റെ അന്നത്തെ ആക്രമണത്തില്‍ കുട്ടിയുടെ കൈയും വാരിയെല്ലും ഒടിഞ്ഞിരുന്നു.

പീഡനശ്രമത്തിനിടെ ജനനേന്ദ്രയത്തില്‍ ആറ് സെന്റിമീറ്ററോളം മുറിവുമുണ്ടായിരുന്നു. രഞ്ജിത്തും ബേസിലും പെണ്‍കുട്ടിയെ പലവട്ടം ലൈംഗിക പീഡനത്തിരയാക്കിയതായും പിന്നീട് കണ്ടെത്തിയിരുന്നു.  ഈ കേസിലാണ് പ്രധാന പ്രതി രഞ്ജിത്തിന് വധശിക്ഷ വിധിച്ചിരിക്കുന്നത്. എറണാകുളം പോക്സോ കോടതിയുടെതാണ് ശിക്ഷാ വിധി. അമ്മയടക്കമള്ള മറ്റു രണ്ട് പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തമാണ് കോടതി വിധിച്ചിരിക്കുന്നത്.

click me!