
മംഗളം ചാനലിനെതിരെ വീണ്ടും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. വനിതാ അഭിഭാഷക നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ചാനൽ മേധാവിയടക്കം ഏഴ് പേർക്കെതിരെയാണ് കേസ്. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
മുന്‍ മന്ത്രി എ.കെ ശശീന്ദ്രന്റെ ഫോണ്‍ വിവാദത്തില്‍ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശശീന്ദ്രന്റെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട മംഗളം ചാനല്‍ സിഇഒ അജിത് കുമാര്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിരിക്കുന്നത്. ഐ.ടി ആക്ടിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഡാലോചനാ കുറ്റവും എഫ്ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. ഇതിനു പുറമേയാണ് ഇപ്പോള്‍ വനിതാ അഭിഭാഷകയുടെ പരാതിയില്‍ മേല്‍ വീണ്ടും കേസെടുത്തിരിക്കുന്നത്.
ഇത് സംബന്ധിച്ച് രണ്ട് പരാതികളാണ് ഡിജിപി ലോക്നാഥ് ബെഹ്റക്ക് ലഭിച്ചത്. തുടര്‍ന്ന് ഇന്നലെയാണ് ഫോണ്‍വിളി വിവാദം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനമായത്. ഐജി ദിനേന്ദ്ര കശ്യപിന് ആണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. കോട്ടയം പാലക്കാട് എസ്‌പിമാരും അന്വേഷണ സംഘത്തിലുണ്ട്. ഹൈടെക് സെല്‍ ഡിവൈഎസ് പി ബിജുമോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഈ അന്നേഷണ സംഘമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഫോണ്‍ വിളി വിവാദത്തില്‍ ജുഡിഷ്വല്‍ അന്വേഷണം നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായാണ് എ കെ ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംസാരം നടത്തിയതെന്നായിരുന്നു മാര്‍ച്ച് 26ന് സംഭാഷണം പുറത്തുവിട്ടുകൊണ്ട് ചാനല്‍ അവകാശപ്പെട്ടത്. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ ശശീന്ദ്രന്‍ രാജിവെച്ചു. ഇതിന് ശേഷം സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഇന്നലെ മാപ്പ് അപേക്ഷിച്ച് ചാനല്‍ സി.ഇ.ഒ അജിത് കുമാര്‍ രംഗത്തെത്തുകയായിരുന്നു. ശശീന്ദ്രനെതിരായ ലൈംഗിക സംഭാഷണ ടേപ്പ് ഹണി ട്രാപ്പാണെന്നും കുടുക്കിയത് ചാനല്‍ ലേഖികയാണെന്നും പരസ്യമായി സമ്മതിച്ച് ചാനലിന്റെ ഖേദ പ്രകടനം. ചാനല്‍ സിഇഒ പ്രൈം ടൈം വാര്‍ത്തക്കിടെയാണ് പരസ്യമായി മാപ്പ് പറഞ്ഞത്. ട്രാപ്പൊരുക്കിയത് ചാനലിന്റെ അറിവോടെയാണെന്നും ഇനി ഇത്തരം തെറ്റ് പറ്റില്ലെന്നും സിഇഒ അജിത് കുമാര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ നിയമക്കുരുക്ക് മുറുകുമെന്ന് വ്യക്തമായതോടെയാണ് ചാനല്‍ മാപ്പ് പറഞ്ഞ് രംഗത്തെത്തിയതെന്നാണ് സൂചന. എന്നാല്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും നീക്കം. ജുഡിഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ കാലതാമസം വരുമെന്നും അതുകൊണ്ട് പൊലീസ് അന്വേഷണം വേണമെന്നും മന്ത്രിമാരടക്കം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam