ദിലീപിനെതിരായ കേസ് ഡയറി കോടതിയില്‍ ഹാജരാക്കി

By Web DeskFirst Published Jul 15, 2017, 2:18 PM IST
Highlights

കൊച്ചി:  നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ  അന്വേഷണ ഉദ്യോഗസ്ഥർ കേസ് ഡയറി അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ്  കോടതിയില്‍ സമർപ്പിച്ചു. അന്വേഷണവുമായി  ദിലീപ് സഹകരിക്കുന്നെണ്ടെന്നും  അന്വേഷണം നല്ല രീതിയിൽ നടക്കുന്നുവെന്നും എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്ജ് പറഞ്ഞു അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും കോടതി പരിഗണിക്കും. ജാമ്യം കിട്ടാതിരിക്കാനുള്ള എല്ലാ തെളിവുകളും ദിലീപിനെതിരെ ഉണ്ടെന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു.

രണ്ട് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പൊലീസിന്റെ അപേക്ഷ പരിഗണിച്ചാണ്  കസ്റ്റ‍‍ഡി ഇന്ന് വൈകുന്നേരം വരെ നീട്ടിയത്.  ഇന്ന് വൈകുന്നേരം ദിലീപിനെ കോടതിയില്‍ ഹാജരാക്കും. ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.  ഇതിന് മുന്നോടിയായാണ് മുദ്രവെച്ച കവറില്‍ കേസ് ഡയറി കോടതിയില്‍ ഹാജരാക്കിയത്. ദിലീപിന് ജാമ്യം ലഭിക്കാതിരിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന്  പൊലീസ് പറഞ്ഞു.  അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും.

നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ദിലീപുമായി ബന്ധമുള്ള കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. അതേ സമയം ദിലീപിനെതിരെ പ്രാഥമികമായ തെളിവ് പോലുമില്ലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. കേസില്‍ സാക്ഷികളില്ലാത്തതിനാലാണ് മാപ്പുസാക്ഷികളെ ഉണ്ടാക്കാന്‍ അന്വേഷണ സംഘം ശ്രമിക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ അഡ്വ. കെ രാം കുമാര്‍ ആരോപിച്ചിരുന്നു.  

click me!