
കണ്ണൂര്‍ : കൊട്ടിയൂരില്‍ വൈദികന്‍ വിദ്യാര്‍ത്ഥിനിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ഗൂഡലോചനയും വിവരം മറച്ചു വെച്ചതും അടക്കം കുറ്റങ്ങള്‍ ചുമത്തി 8 പേരെ പോലീസ് പ്രതി ചേര്‍ത്തു. വൈദികന് പുറമെ പെണ്‍കുട്ടി പ്രസവിച്ച ക്രിസ്തുരാജ് ആശുപത്രി, വൈത്തിരിയിലെ അനാഥാലയം, ഇരിട്ടിയിലെയും മനന്തവാദിയിലെയും കോണ്‍വെന്റി എന്നിവരക്കെതിരെയാണ് പോക്‌സോ പ്രകാരമുള്ള കേസ്. കേസില്‍ വീഴ്ച വരുത്തിയ വയനാട് ശിശുക്ഷേമ സമിതി അധ്യക്ഷന്‍ ഫാദര്‍ തോമസ് തേരകം, സി.ഡബ്‌ള്യു.സി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവരെ പ്രതി ചേര്‍ക്കാന്‍ പോലീസ് ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്.
വൈദികന്‍ റോബിന്‍ വടക്കുംചേരി ഒന്നാം പ്രതി ആയ കേസില്‍, കുഞ്ഞിനെ കടത്താന്‍ സഹായിച്ച് തങ്കമ്മ നെല്ലിയാനി, കൂത്തുപറമ്പ് ക്രിസ്തുരാജ് ആശുപത്രിയിലെ ഡോക്ടര്‍ ടെസ്സി ജോസ്, ശിശുരോഗ വിദഗ്ദന്‍ ഡോക്ടര്‍ ഹൈദരാലി, ക്രിസ്തുരാജ് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍
സിസ്റ്റര്‍ ആന്‍സി മാത്യു, മാനന്തവാടി ക്രിസ്തുരാജ കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മറിയ, ഇരിട്ടി ക്രിസ്തുദാസ് കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, കുഞ്ഞിനെ ഒളിപ്പിച്ച വൈത്തിരി ഓര്‍ഫനേജ് സുപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് പ്രതികള്‍.
ജുഡീഷ്യല്‍ അധികാരം ഉള്ള സ്ഥാപനം ആയതിനാല്‍ ആണ് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ തോമസ് തേരകം, സിസ്റ്റര്‍ ബെറ്റി എന്നിവര്‍ക്കെതിരെ ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് നല്കിയിരിക്കുന്നത്. ഇവരുടേത് ഗുരുതര വീഴ്ചയാണെന്നാണ് കണ്ടെത്തല്‍. ഇതിനിടെ കേസില്‍ പ്രതികളായ കന്യാസ്ത്രീകള്‍ ഒളിവില്‍ പോയതായി സൂചനയുണ്ട്. മറ്റുള്ളവര്‍ ഉടന്‍ കീഴടങ്ങിയേക്കും. ഏതായാലും ആധികം നീളാതെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനം. അതേസമയം കേസില്‍ ഉറച്ചു നില്‍ക്കുമെന്ന് നിലപാടിലാണ് പെണ്‍കുട്ടിയുടെ കുടുംബം. വിവരം അറിഞ്ഞയുടന്‍ വൈദികന്‍ തങ്ങളോട് ഇക്കാര്യം സമ്മതിച്ചതായും കുടുംബം പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam