മന്ത്രിയായ ശേഷവും തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തി

By Web DeskFirst Published Sep 24, 2017, 10:07 AM IST
Highlights

തോമസ് ചാണ്ടി മന്ത്രിയായതിന് ശേഷം അധികാര ദുര്‍വ്വിനിയോഗം നടത്തി സര്‍ക്കാര്‍ ഭൂമി കയ്യേറി എന്നതിനുള്ള തെളിവ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി.  മാര്‍ത്താണ്ഡം കായലില്‍ സര്‍ക്കാര്‍ പുറമ്പോക്ക് വഴിയും സര്‍ക്കാര്‍ മിച്ച ഭൂമിയും മറ്റ് പ്ലോട്ടുകള്‍ക്കൊപ്പം കയ്യേറി നികത്തിയത് തോമസ്ചാണ്ടി മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷമാണെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടില്‍ ഒരു നടപടിയുമുണ്ടായില്ല. ഇക്കഴിഞ്ഞ മെയ്മാസം 26 നാണ് കൈനകരി വടക്ക് വില്ലേജോഫീസര്‍ മന്ത്രി തോമസ്ചാണ്ടിക്ക് നിലംനികത്തരുതെന്നാവശ്യപ്പെട്ട സ്റ്റോപ്പ് മെമ്മോ നല്‍കിയത്. മന്ത്രിയുടെ കമ്പനി സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തുന്നെന്ന് പരാതിപ്പെട്ടയാളെ മന്ത്രി തന്‍റെ അധികാരം ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്തുന്നു എന്ന പരാതിയും തോമസ് ചാണ്ടി പോലീസില്‍ നല്‍കി. ഏഷ്യാനെറ്റ് ന്യൂസ്

മാര്‍ത്താണ്ഡം കായലില്‍ അനധികൃതമായി സര്‍ക്കാര്‍ ഭൂമിയിടക്കം കയ്യേറി മണ്ണിട്ട് നികത്തുന്നു എന്ന പരാതി വരുന്നത് ഇക്കഴിഞ്ഞ മെയ് മാസം 24ന്  ആണ്. കൈനകരി വടക്ക് പഞ്ചായത്തംഗം ബി കെ വിനോദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വില്ലേജോഫീസര്‍ മാര്‍ത്താണ്ഡം കായലിലെത്തുന്നതും അന്വേഷിക്കുന്നതും. കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ മിച്ച ഭൂമി വാങ്ങിക്കൂട്ടിയ തോമസ് ചാണ്ടി അതിനിടയിലുള്ള ഒന്നരമീറ്റര്‍ വഴിയും സര്‍ക്കാര്‍ തണ്ടപ്പേരിലുള്ള മിച്ചഭൂമിയും നികത്തുന്നതായി പ്രാഥമിക പരിശോധനയില്‍ തന്നെ വില്ലേജോഫീസര്‍ക്ക് ബോധ്യമായി. അടിയന്തരമായി നികത്ത് നിര്‍ത്തിവെക്കാന്‍ സ്റ്റോപ്പ് മെമ്മോയും നല്‍കി.

സ്റ്റോപ്പ് മെമ്മോ മാത്രമല്ല അടിയന്തരമായി സര്‍വ്വെയറെ ഉപയോഗിച്ച് അളന്ന് ഭൂമി തിട്ടപ്പെടുത്തിയില്ലെങ്കില്‍ സര്‍ക്കാര്‍ ഭൂമി നഷ്‌ടപ്പെടാന്‍ സാധ്യതതയുണ്ടെന്നും നിര്‍മ്മാണം നടത്തുകയാണ് തോമസ് ചാണ്ടിയുടെ കമ്പനിയുടെ ഉദ്ദേശമെന്നും വില്ലേജോഫീസര്‍ക്ക് ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. സ്റ്റോപ്പ് മെമ്മോ നല്‍കി മന്ത്രി നടത്തിയ നിയമലംഘനം വില്ലേജോഫീസര്‍ ചൂണ്ടിക്കാട്ടിയിട്ടും തോമസ്ചാണ്ടിക്കെതിരെ ചെറുവിരലനക്കാന്‍ ജില്ലാ ഭരണ കൂടം തയ്യാറായില്ല. പരാതി നല്‍കിയ ബി കെ വിനോദിനെതിരെ മന്ത്രിയായ തോമസ് ചാണ്ടിയുടെ കമ്പനി പൊലീസില്‍ പരാതി നല്‍കുകയാണ് ചെയ്തത്. സര്‍ക്കാര്‍ ഭൂമി കയ്യേറി നികത്തിയെന്ന് പരാതിപ്പെട്ട വിനോദിനെതിരെ പോലീസില്‍ തോമസ് ചാണ്ടി നല്‍കിയ പരാതിയില്‍ പറയുന്നത് ഗതാഗതമന്ത്രി തോമസ് ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാണ്. അതിന്‍റെ വിശദീകരണത്തിനായി പുളിങ്കുന്ന് പൊലീസ് കുട്ടനാട് തഹസില്‍ദാറോട് ചോദിച്ച വിശദീകരണ കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. മന്ത്രി നടത്തിയ നിയമലംഘനം ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്ന പരാതി പോലീസില്‍ നല്‍കി അധികാര ദൂര്‍വ്വിനിയോഗം നടത്തിയ ആളാണ് നമ്മുടെ ഗതാഗത മന്ത്രി തോമസ് ചാണ്ടി.

ഒരു പഞ്ചായത്ത് പ്രസിഡണ്ടിനെതിരെ പോലും പരാതിപ്പെടാന്‍‍ ധൈര്യമില്ലാത്തവരാണ് നമ്മുടെ നാട്ടുകാരിലേറെയും. പക്ഷേ മന്ത്രി നിയമലംഘനം നടത്തുന്നെന്ന് പരാതിപ്പെട്ടപ്പോള്‍ മന്ത്രി തന്‍റെ പദവി ദുരുപയോഗം ചെയ്തു. ഏപ്രില്‍ മാസം മന്ത്രിയായി സത്യപ്രതിഞ്ജ ചെയ്ത ശേഷമാണ് മാര്‍ത്താണ്ഡം കായലില്‍ തനിക്കിഷ്‌ടമുള്ളത് പോലെ ചെയ്യാനുള്ള ധൈര്യവും അധികാരവും നമ്മുടെ ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് കിട്ടിയത്.

 

click me!