തീരാത്ത 'കശുവണ്ടി' പ്രതിസന്ധി, സ്വകാര്യഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നു

By Web DeskFirst Published Oct 16, 2016, 10:20 AM IST
Highlights

പൂട്ടിക്കിടന്ന കശുവണ്ടി ഫാക്ടറികള്‍ ചിങ്ങം ഒന്നിന് തുറന്നപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് അക്കാര്യം വിശദമായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചിരുന്നു. ഒട്ടേറെ തൊഴിലാളികളുടെ ജീവിതത്തില്‍ പുതു വെളിച്ചമായി മാറി സര്‍ക്കാര്‍ നടപടി. പക്ഷേ ഈ മേഖലയില്‍ ഇപ്പോഴും ദുരിതം പേറുന്നവര്‍ ഏറെ ഉണ്ടെന്ന ഞെട്ടിക്കുന്ന വസ്തുത ഞങ്ങളുടെ അന്വേഷണത്തില്‍  തെളിയുകയാണ്. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്ന് സര്‍ക്കാര്‍ പറഞ്ഞെങ്കിലും ഭൂരിഭാഗം തൊഴിലാളികളും ഇപ്പോഴും ദുരിതത്തിലാണ്. സ്വകാര്യ കശുവണ്ടി ഫാക്ടറികള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ഒന്നരലക്ഷം തൊഴിലാളികളാണ് പട്ടിണിയില്‍ കഴിയുന്നത്. മിനിമം വേതനം അട്ടിമറിച്ച സ്വകാര്യ ഫാക്ടറി മുതലാളിമാര്‍ തോട്ടണ്ടി ഉണ്ടായിട്ടും അത് പൂഴ്ത്തിവച്ചാണ് തൊഴിലാളികളെ പറ്റിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് എക്‌സ്ക്ലൂസീവ്

കശുവണ്ടി മേഖലയിലെ പ്രശ്നങ്ങള്‍ തീര്‍ന്നുവെന്ന് പറയുന്നവര്‍ കൊല്ലം മാടന്‍ നട സ്വദേശി സുശീലയുടെ  വാക്കുകള്‍ കേള്‍ക്കുക. കൊല്ലത്തെ ഒരു പ്രമുഖ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയാണ്. പക്ഷേ ഒരു വര്‍ഷമായി ജോലിയില്ല. പൂട്ടിക്കിടന്ന കശുവണ്ടിവികസന കോര്‍പ്പറേഷന്‍റെയും കാപ്പെക്‌സിന്‍റെയും കീഴിലുള്ള 40 കശുവണ്ടി ഫാക്ടറികള്‍ തുറന്നത് ഇക്കഴിഞ്ഞ ചിങ്ങം ഒന്നിനാണ്. പക്ഷേ രണ്ട് ലക്ഷം വരുന്ന കശുവണ്ടിത്തൊഴിലാളികളില്‍ വെറും 16000 പേര്‍ക്ക് മാത്രമാണ് അന്ന് ജോലി ലഭിച്ചത്. ബാക്കിയുള്ള ഒന്നരലക്ഷം വരുന്ന തൊഴിലാളികളുള്ളത് സ്വകാര്യമേഖലയില്‍. 600 സ്വകാര്യഫാക്ടറികളില്‍ വിരലിലെണ്ണാവുന്ന ഒഴിച്ച് ബാക്കിയുളളവ അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. തോട്ടണ്ടിയുടെ ലഭ്യതക്കുറവും കനത്ത നഷ്‌ടവും കാരണമാണ് ഫാക്ടറികള്‍ തുറക്കാത്തതെന്നാണ് സ്വകാര്യമുതലാളിമാരുടെ വിശദീകരണം.

കൊല്ലത്തെ പ്രധാനപ്പെട്ട ഒരു സ്വകാര്യ കശുവണ്ടിഫാക്ടറിയുടെ ഗോഡൗണില്‍ ചാക്ക് കണക്കിന് തോട്ടണ്ടി ശേഖരിച്ച് വച്ചിരിക്കുന്നു. കേരളത്തിലെ മിനിമം വേതനമായ 300 രൂപ കൊടുക്കാന്‍ മടിക്കുന്ന സ്വകാര്യമുതലാളിമാര്‍ ഈ തോട്ടണ്ടിയൊക്കെ രായ്‌ക്കുരാമാനം മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്തും. അവിടത്തെ ഫാക്ടറികളില്‍ തുച്ഛമായ വേതനം കൊടുത്ത് സംസ്കരിച്ചെടുക്കും. എല്ലാം നഷ്‌ടത്തിലാണെന്ന മുതലാളിമാരുടെ കള്ളക്കണ്ണീര്‍ വിശ്വസിക്കുന്ന പാവം തൊഴിലാളികളാവട്ടെ പട്ടിണിയും പരിവട്ടവുമായി കഴിയുന്നു.

 

click me!