ജിദ്ദയില്‍നിന്ന്  'ഫാമിലി'യ്ക്കൊപ്പം കൊച്ചിയില്‍ എത്തിയ പൂച്ചയെ തിരിച്ചയച്ചു; കാരണം ഇതാണ്

By Web DeskFirst Published Mar 5, 2018, 11:05 AM IST
Highlights
  • ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന പൂച്ചയെ കേരളത്തിലിറക്കാനാകാതെ ദമ്പതികള്‍
  • തിരിച്ചയച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍

കൊച്ചി: ഗള്‍ഫില്‍നിന്ന് കൊണ്ടുവന്ന പൂച്ചയെ കേരളത്തിലിറക്കാനാകാതെ ദമ്പതികള്‍. ഒടുവില്‍ പൂച്ച വീണ്ടും ഗള്‍ഫിലേക്ക്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് കഴിഞ്ഞ ദിവസം ഗള്‍ഫില്‍നിന്ന് എത്തിയ ദമ്പതികള്‍ തങ്ങളുടെ പൂച്ചയെ കൂടെ കൂട്ടാനാകാതെ കുഴങ്ങിയത്.  ജിദ്ദയില്‍നിന്നുള്ള യാത്രയില്‍ ഇവര്‍ പൂച്ചയെ ഒപ്പം കൂട്ടുകയായിരുന്നു. നടപടിക്രമങ്ങള്‍ പാലിച്ചല്ല പൂച്ചയെ കേരളത്തിലെത്തിച്ചതെന്ന് വ്യക്തമാക്കി കസ്റ്റംസ് ഓഫീസര്‍മാര്‍ ദമ്പതികളെ തടഞ്ഞു.

ജിദ്ദയില്‍നിന്നാണ് മലയാളികളായ ഇവര്‍ പൂച്ചയ്ക്ക് ഒപ്പം മാര്‍ച്ച് രണ്ടിനാണ് കൊച്ചിയിലിറങ്ങിയത്. ഉടന്‍തന്നെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പൂച്ചയെ പിടിച്ചുവച്ചു. മൃഗങ്ങളെ മറ്റൊരു രാജ്യത്തുനിന്ന് ഇന്ത്യയിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് വ്യക്താമാക്കിയായിരുന്നു നടപടി. പൂച്ചയെ കൊണ്ടുവരുന്നതിന് മതിയായ രേഖകള്‍ കയ്യിലില്ലാത്തതിനാല്‍ സൗദി എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ പൂച്ചയെ ഒടുവില്‍ ജിദ്ദയിലേക്ക് തന്നെ തിരിച്ചയച്ചു. 

മൃഗങ്ങളെ രാജ്യത്തെത്തിക്കാന്‍ അത് ജനിച്ച രാജ്യത്തുനിന്നുള്ള ആരോഗ്യ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. മൃഗങ്ങളെ പരിശോധിക്കുന്ന ഓഫീസില്‍ എത്തിച്ചതിന് ശേഷം മാത്രമാണ് അനുവാദം നല്‍കുക. മൃഗങ്ങളില്‍നിന്ന് പകര്‍ച്ചവ്യാധികള്‍ വരുന്നത് തടയുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നത്.

അതേസമയം കൊച്ചിയില്‍ ഇതിനുള്ള സംവിധാനമില്ല. ഈ സംവിധാനം നിലവിലുള്ള ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബാംഗളൂര്‍, ഹൈദരാബാദ് വിമാനത്താവളങ്ങളിലൂടെ മാത്രമേ മൃഗങ്ങളെ എത്തിക്കാനാകൂ. സംഭവത്തില്‍ ദമ്പതികള്‍ക്ക് പിഴ ചുമത്തിയതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. 
 

click me!