
കലാഭവൻ മണിയുടെ മരണത്തിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സി.ബി.ഐയുടെ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ചാലക്കുടി പൊലീസ് കേസ് ഡയറി കൈമാറി. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് തീരുമാനം.
കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് കേസ് ഏറ്റെടുക്കാൻ സി.ബി.ഐയോട് ഹൈക്കോടതി ഉത്തരവിട്ടത്. കൊച്ചി സി.ബി.ഐ യൂണിറ്റ് കേസന്വേഷണം ആരംഭിച്ചു. ഡിവൈഎസ്പി ജോർജ്ജ് ജെയിംസിനാണ് അന്വേഷണ ചുമതല.സിബിഐ ഇൻസ്പെക്ടർ വിനോദ് കുമാർ ചാലക്കുടി പൊലീസ് സ്റ്റേഷനിലെത്തി കേസ് ഡയറിയടക്കമുള്ള രേഖകൾ സ്വീകരിച്ചു. മണിയുടെ ആന്തരിക ശരീരഭാഗങ്ങളുടെ ഫോറൻസിക് പരിശോധനാ ഫലവും അന്വേഷണത്തിൽ നിർണായകമാകും.
മണിയുടെ ശരീരത്തിൽ മെഥനോളിന്റെയും കീടനാശിനിയുടെയും അംശം എങ്ങനെ എത്തി എന്നതടക്കമുള്ള കാര്യങ്ങളും സി.ബി.ഐ അന്വേഷിക്കും. മണി മരിക്കുന്നതിന് തലേദിവസം പാഡിയിൽ മണിയോടൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കെതിരെ ബന്ധുക്കൾ ആരോപണമുന്നയിച്ചിരുന്നു.ഇതും അന്വേഷണത്തിന്റെ പരിധിയിൽ വന്നേക്കും കാത്തിരിപ്പിനൊടുവിൽ സി.ബി.ഐ കേസ് ഏറ്റെടുത്തത് ഏറെ പ്രതീക്ഷ നൽകുന്നെന്നും ഇനിയൊരു അട്ടിമറിയുണ്ടാകില്ലെന്നാണ് കരുതുന്നതെന്നും മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam