ജിഷ്ണു കേസ്; സിബിഐ നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു

By Web DeskFirst Published Jul 17, 2018, 3:06 PM IST
Highlights
  • ജിഷ്ണു കേസന്വേഷണത്തിനായി സിബിഐ ക്യാമ്പ് തുറക്കുന്നു
  • നാദാപുരത്ത് ക്യാമ്പ് വ്യാഴാഴ്ച മുതല്‍
  • കൊച്ചി യൂണിറ്റിന് അന്വേഷണ ചുമതല

കോഴിക്കോട്: ജിഷ്ണുപ്രണോയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിനായി സിബിഐ കോഴിക്കോട് നാദാപുരത്ത് ക്യാമ്പ് ഓഫീസ് തുറക്കുന്നു. വ്യാഴാഴ്ച മുതല്‍ അന്വേഷണ നടപടികള്‍ തുടങ്ങും.

സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്നാണ് ജിഷ്ണു കേസ് സിബിഐ ഏറ്റെടുത്തത്. കേന്ദ്ര ഏജന്‍സി അന്വേഷിക്കാന്‍ മാത്രം പ്രാധാന്യം കേസിനില്ലെന്നായിരുന്നു സിബിഐയുടെ നിലപാട്. ജിഷ്ണുവിന്‍റെ മാതാപിതാക്കളായ മഹിജയുടെയും അശോകന്‍റെയും, അമ്മാവന്‍ ശ്രീജിത്തിന്‍റെയും മൊഴി നേരത്തെയെടുത്തിരുന്നു. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് നാദാപുരം ഗസ്റ്റ് ഹൗസില്‍  ക്യാമ്പ് ഓഫീസ്തുറക്കുന്നത്. 

മാതാപിതാക്കളുടെയും അമ്മാവന്‍റെയും മൊഴി വീണ്ടുമെടുക്കുന്നതിനൊപ്പം കേസിലെ മറ്റ് സാക്ഷികള്‍, മൃതദേഹം ഏറ്റുവാങ്ങിയവര്‍, ജിഷ്ണുവിന്‍റെ സുഹൃത്തുക്കള്‍ എന്നിവരും പട്ടികയിലുണ്ട്. ഹാജരാകേണ്ടവര്‍ക്ക് സിബിഐ നോട്ടീസ് അയച്ചു. സിബിഐ കൊച്ചി യൂണിറ്റിലെ സിഐ പി വി സുരേഷിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. 

2017 ജനുവരി നാലിനാണ് പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയല്ല, കൊലപാതകമാണെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ലോക്കല്‍ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചുമന്വേഷിച്ച കേസില്‍ നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസടക്കം 5  പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 

എന്നാല്‍ സംസ്ഥാന പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഷ്ണുവിന്‍റെ രക്ഷിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പട്ടത്. അമ്മ മഹിജയുടെ സമരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു.
 

click me!