സിബിഎസ്‍ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച;  മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

By Web DeskFirst Published Apr 7, 2018, 3:40 PM IST
Highlights
  • സിബിഎസ്‍ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്
  • ഹിമാചൽ പ്രദേശിൽ മൂന്ന് പേര്‍ അറസ്റ്റില്‍

ദില്ലി: സിബിഎസ്ഇ പന്ത്രണ്ടാംക്ലാസ് ചോദ്യപേപ്പർ ചോർത്തിയ കേസിൽ മൂന്ന് പേ‍ർ കൂടി അറസ്റ്റിൽ. ഹിമാചൽപ്രദേശിൽ നിന്ന് ദില്ലി ക്രൈംബ്രാഞ്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒരു അധ്യാപകന്‍,​ ക്ലാർക്ക്,​ മറ്റൊരു ജീവനക്കാരൻ എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ മാസം 26ന് നടന്ന പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്സ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിലാണ് അറസ്റ്റ്. ഹിമാചൽ പ്രദേശിലെ ഡിഎവി സ്കൂൾ അധ്യാപകനായ രാജേഷ്,ഓഫീസ് സ്റ്റാഫുകളായ അമിത്,അശോക് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടുതൽ ചോദ്യംചെയ്യലിനായി ദില്ലിയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. അന്വേഷണത്തിൽ കയ്യെഴുത്തുരൂപത്തിലാണ് ചോദ്യപേപ്പർ ചോർത്തിയതെന്ന് വ്യക്തമായതായി ദില്ലി പൊലീസ് പറഞ്ഞ‌ു.

ചോദ്യപേപ്പർ ചോർച്ച കേസിൽ ഏപ്രിൽ ഒന്നിന് ദില്ലിയിലെ മദർ ഖജാനി സ്കൂളിലെ രണ്ട് അധ്യാപകരേയും ബവാനയിലെ പരിശീലനകേന്ദ്രം ഉടമയേയും അറസ്റ്റ് ചെയ്തിരുന്നു. ഈ സ്കൂളിലെ പരീക്ഷാ നിരീക്ഷണച്ചുമതലയുളള ഉദ്യോഗസ്ഥനെ സിബിഎസഇ സസ്പെന്‍റ് ചെയ്തിട്ടുണ്ട്. പന്ത്രണ്ടാംക്ലാസ് ഇക്കണോമിക്സ് പരീക്ഷ വീണ്ടും നടത്തുമെന്നാണ് സിബിഎസ്ഇ പ്രഖ്യാപിച്ചിട്ടുള്ളത്. പത്താംക്ലാസിലെ കണക്ക്പേപ്പറും ചോർന്നുവെന്ന് ആരോപണമുണ്ടെങ്കിലും പുനപരീക്ഷ വേണ്ടെന്നാണ് സിബിഎസ്ഇ തീരുമാനം. ഇക്കണോമിക്സ് പരീക്ഷ ഈ മാസം 25ന് നടക്കും. ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് വലിയ വിദ്യാർത്ഥി പ്രതിഷേധത്തിനാണ് തലസ്ഥാനം സാക്ഷ്യംവഹിച്ചത്. 

 

 

click me!