സിബിഎസ്ഇ പരീക്ഷ റദ്ദാക്കി: പ്രതിസന്ധിയിലായി പ്രവാസികള്‍

By Web DeskFirst Published Mar 29, 2018, 11:26 PM IST
Highlights
  • ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതുടര്‍ന്ന് സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിലൂടെ പ്രതിസന്ധിയിലായത് പ്രവാസി രക്ഷിതാക്കള്‍

റിയാദ്: ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതുടര്‍ന്ന് സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയതിലൂടെ പ്രതിസന്ധിയിലായത് പ്രവാസി രക്ഷിതാക്കള്‍.  കുട്ടികളുടെ പരീക്ഷകൾക്ക് ശേഷം സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റിൽ നിരവധികുടുംബങ്ങളാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയത്.  അവസാന പരീക്ഷ തീയതി കണക്കാക്കി നാട്ടിലേക്കു മടങ്ങാൻ മുൻകൂട്ടി വിമാനടിക്കറ്റെടുത്തവരും യാത്ര റദ്ദാക്കി. 

രക്ഷിതാക്കളുടെ ജോലി നഷ്ടപ്പെട്ടതും ആശ്രിത ലെവിയുമൊക്കെ കാരണം സൗദിയിൽ നിന്ന് കുടുംബസമേതം ഫൈനൽ എക്സിറ്റിൽ നാട്ടിലേക്കു മടങ്ങാനിരിക്കുന്ന കുടംബങ്ങൾ നിരവധിയാണ്. എന്നാൽ പലരും കുട്ടികളുടെ പരീക്ഷയ്ക്കു ശേഷം നാട്ടിലേക്കു മടങ്ങാൻ തീരുമാനിച്ചവരാണ്.

അവസാന പരീക്ഷ തീയതി കണക്കാക്കി അടുത്ത  ദിവസങ്ങളിൽ നാട്ടിലേക്കു മടങ്ങാൻ മുൻകൂട്ടി ഫ്ലൈറ്റ് ടിക്കറ്റും പലരും എടുത്തിരുന്നു.
റദ്ദാക്കിയ പരീക്ഷ നടത്താൻ ഇനി ദിവസങ്ങൾ വേണ്ടിവരും. ഈ സാഹചര്യത്തിൽ ഫൈനൽ എക്സിറ്റ് അടിച്ചവരായിരിക്കും ഏറെ പ്രയാസത്തിലാകുക.

ഫൈനൽ എക്സിറ്റ്  റദ്ദാക്കാൻ സാധിക്കുമെങ്കിലും അതിനു രക്ഷിതാവിന്റെ ഇഖാമക്ക് കാലാവധി ഉണ്ടായിരിക്കണം. മാത്രമല്ല ലെവിയും അടയ്‌ക്കേണ്ടി വരും. ഫ്ലാറ്റിന്റെ വാടക കുടിശിക തീർത്തു നാട്ടിലേക്കു മടങ്ങാനിരുന്നവർക്കു ഇനിയുള്ള ദിവസത്തെ വാടകയും നൽകണം. നിശ്ചയിച്ച തീയതിക്ക് യാത്ര ചെയ്യാൻ കഴിയാതെ ഫ്ലൈറ്റ് ടിക്കറ്റ് റദ്ദാക്കേണ്ടിവരുമ്പോഴുള്ള സാമ്പത്തിക നഷ്ടം ഇതിന് പുറമെയാണ്.

click me!