നീറ്റ് പരീക്ഷയിലെ ദേഹപരിശോധന; പ്രശ്നമുണ്ടാക്കിയത് വനിതാ അധ്യാപകരുടെ അമിതാവേശമെന്ന് സി.ബി.എസ്.ഇ

By Web DeskFirst Published May 9, 2017, 9:46 AM IST
Highlights

ഞായറാഴ്ച നടന്ന അഖിലേന്താ മെഡിക്കല്‍ പ്രവേശന പരീക്ഷയിലെ ദേഹപരിശോധന സംബന്ധിച്ച് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ നിര്‍ഭാഗ്യകരമാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു. രാജ്യത്താകമാനം സമാധാനപരമായി പ്രശ്നങ്ങളൊന്നുമില്ലാതെയാണ് പരീക്ഷ നടന്നത്. എന്നാല്‍ കണ്ണൂരിലെ ടിസ്ക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ചില വനിതാ അധ്യാപകരുടെ അമിതാവേശമാണ് പ്രശ്നങ്ങളുണ്ടാക്കിയത്. സംഭവത്തില്‍ വിദ്യാര്‍ത്ഥിയോട് നിരുപാധികം മാപ്പു പറയാന്‍ സ്കൂള്‍ പ്രിന്‍സിപ്പലിനോട് സി.ബി.എസ്.ഇ ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടിയ്ക്കുണ്ടായ മനോവേദനയില്‍ സി.ബി.എസ്.ഇ ഖേദിക്കുന്നുവെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജീവനക്കാര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും സി.ബി.എസ്.ഇ അറിയിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ പരീക്ഷ നടത്തിയ അതേ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ഇത്തരവണയും പരീക്ഷ നടത്തിയത്. അക്കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുള്ള ക്രമക്കേടുകള്‍ തടയാന്‍ സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് പരീക്ഷയിലെ നടപടിക്രമങ്ങള്‍ തീരുമാനിച്ചത്. പരീക്ഷാ ഹാളില്‍ അനുവദിക്കപ്പെടുന്ന വസ്ത്രങ്ങള്‍ സംബന്ധിച്ച് എല്ലാവര്‍ക്കും അറിയിപ്പ് നല്‍കിയിരുന്നു. കണ്ണൂരില്‍ നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് സ്കൂള്‍ പ്രിന്‍സിപ്പലോ കുട്ടിയുടെ രക്ഷിതാക്കളോ സി.ബി.എസ്.ഇക്ക് ഒരു വിവരവും നല്‍കിയില്ല. മാധ്യമ വാര്‍ത്തകളില്‍ നിന്നാണ് സംഭവം അറിഞ്ഞതെന്നും സി.ബി.എസ്.ഇ പറയുന്നു. അതേസമയം സ്കൂളിലേക്കും തിരുവനന്തപുരത്തെ സി.ബി.എസ്.ഇ റീജ്യണല്‍ ഓഫീസിലേക്കും ഇന്ന് വിവിധ സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. സംഭവത്തില്‍ കേസെടുക്കുമെന്ന് മുഖ്യമന്ത്രിയും നിയമസഭയെ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് കുട്ടികളുടെ വസ്‌ത്രമുരിഞ്ഞ് പരിശോധിച്ചതില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ എറണാകുളം കുറുപ്പംപടി പൊലീസാണ് കേസെടുത്തത്.

click me!