രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന് പ്രചാരണം; 'അടിസ്ഥാനരഹിതം', അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം

Published : Mar 27, 2026, 11:16 AM ISTUpdated : Mar 27, 2026, 06:46 PM IST
modi

Synopsis

രാജ്യത്ത് വീണ്ടും ലോക്ഡൗൺ നടപ്പിലാക്കുന്നു എന്ന വിധത്തിലുളള പ്രചരണങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം.

ദില്ലി: രാജ്യത്ത് ലോക് ഡൗൺ ഏർപ്പെടുത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളിൽ ജനങ്ങൾ വിശ്വസിക്കരുതെന്നും അവശ്യവസ്തുക്കളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പാക്കുന്നുണ്ടെന്നും കേന്ദ്രം ആവർത്തിച്ചു. ഇന്ധന വിലക്കയറ്റം തടയാൻ പെട്രോളിന്റെ അധിക തീരുവ പത്ത് രൂപ വെട്ടിക്കുറച്ചു, ഡീസലിന്റെ അധിക തീരുവ എടുത്തുകളഞ്ഞു. കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം അല്പസമയത്തിനകം തുടങ്ങും.

രാജ്യത്ത് ഉടൻ ഊർജ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്ന സമൂഹ​മാധ്യമങ്ങളിലെ പ്രചാരണം ജനങ്ങൾക്കിടയിൽ വലിയ ആശങ്കയായ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കിയത്. ലോക് ഡൗൺ ഏർപ്പെടുത്താനുള്ള ആലോചനപോലും ഇപ്പോൾ ഇല്ല, ഇത്തരം പ്രചാരണങ്ങളിൽ വിശ്വസിച്ച് ജനങ്ങൾ പരിഭ്രാന്തരാകരുത്. ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിം​ഗ് പുരി പറഞ്ഞു.

സ്വകാര്യ കമ്പനിയായ നയാര ഇന്നലെ പെട്രോളിനും ഡീസലിനും വില കൂട്ടിയതിന് പിന്നാലെ മറ്റ് കമ്പനികളും വില കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇത് തടയാനാണ് പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചത്. എന്നാൽ ഇതുവഴി രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറയില്ല. ലഭ്യത ഉറപ്പാക്കാൻ ഡീസലിന്റെയും വിമാന ഇന്ധനത്തിന്റെയും കയറ്റുമതി തീരുവ കൂട്ടിയിട്ടുണ്ട്. ആ​ഗോള പ്രതിസന്ധിയുടെ ബാധ്യത ജനങ്ങൾക്ക് നൽകാതെ കേന്ദ്രസർക്കാർ നഷ്ടം സ​ഹിക്കുകയാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. കൃത്രിമ ക്ഷാമമുണ്ടാക്കിയാൽ കർശന നടപടിക്ക് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

അധിക തീരുവ കുറച്ച ശേഷവും കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില കൂട്ടാന് ശ്രമിച്ചാല് കടുത്ത നടപടിയുണ്ടാകും, ഇത് സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി കിരൺ റിജിജു വ്യക്തമാക്കി. എന്നാൽ നികുതി കുറയ്ക്കുന്നത് കൊട്ടിഘോഷിക്കേണ്ട കാര്യമില്ലെന്ന് കോൺഗ്രസ് വിമർശിച്ചു. നടപടിയുടെ ​ഗുണം ജനങ്ങൾക്ക് ഉടൻ ലഭിക്കുമെന്ന് തോനുന്നില്ലെന്നും, കേന്ദ്രസർക്കാറിന്റെ തീരുമാനങ്ങളെല്ലാം വൈകിപ്പോയെന്നും കെ സി വേണു​ഗോപാൽ പറഞ്ഞു. പെട്രോളും ഡീസലും എല്പിജിയും രാജ്യത്ത് ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നും, പ്രതിസന്ധിയില്ലെന്നും അധികൃതർ ഇന്നും ആവർത്തിച്ചു. 

വ്യവസായ മേഖലയ്ക്ക് ആശ്വാസമായി 20 ശതമാനം കൂടി അധിക ക്വാട്ട കേന്ദ്രം അനുവദിച്ചു. സ്റ്റീൽ, ടെക്സ്റ്റൈൽസ്, ഓട്ടോമൊബീൽ, കെമിക്കൽ, പ്ലാസ്റ്റിക് മേഖലകൾക്കാണ് ഇത് മുൻ​ഗണന നൽകി വിതരണം ചെയ്യേണ്ടത്. ഇതോടെ വാണിജ്യ മേഖലയ്ക്ക് 70 ശതമാനം വിതരണം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. അതിനിടെ ആശ്വാസമായി ഹോർമുസ് കടലിടുക്ക് കടന്ന ഒരു കപ്പൽകൂടി ഇന്ത്യയിലെത്തി. 47600 മെട്രിക് ടൺ എൽപിജിയുമായാണ് ജ​ഗ് വസന്ത് എന്ന കപ്പൽ ​ഗുജറാത്തിലെ കണ്ട്ല തുറമുഖത്തെത്തിയത്. 45000 മെട്രിക് ടൺ എൽപിജിയുമായി പൈൻ ​ഗ്യാസ് എന്ന ഒരു കപ്പൽകൂടി വൈകാതെ തീരത്തെത്തും.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കവടിയാർ വാഹനാപകടം: ചികിത്സയിലായിരുന്ന ആഷിക്കും മരിച്ചു, അപകടം നടന്നത് കഴിഞ്ഞ വെള്ളിയാഴ്ച
മലയാളികൾക്കും കനത്ത തിരിച്ചടി: പെട്രോൾ-ഡീസൽ വില വർധനവിന് പിന്നാലെ ബസ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് കർണാടയിലെ സ്വകാര്യ ബസുടമകൾ