ഫേസ്ബുക്കുമായി 'കൂട്ടുവെട്ടി' കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

By web deskFirst Published Mar 23, 2018, 2:23 PM IST
Highlights
  • പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുവാനുള്ള ഫേസ്ബുക്കിന്റെ ഇത്തരം നീക്കത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും റാവത്ത് പറഞ്ഞു.

ദില്ലി: തെരഞ്ഞെടുപ്പുകളെ സ്വീധീനിക്കാന്‍ കഴിയുന്ന രീതിയില്‍ സ്വകാര്യ വ്യക്തികളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് ചോര്‍ത്തി നല്‍കാറുണ്ടെന്ന വെളിപ്പടുത്തലുകള്‍ക്ക് പുറകേ ഫേസ്ബുക്കുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീന്‍ തീരുമാനിച്ചു. ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി എതിരാളികള്‍ക്ക് നല്‍കുകയും അതുവഴി തങ്ങള്‍ക്കനുകൂലമായി തെരഞ്ഞടുപ്പ് ഫലങ്ങളെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കം.

പുതിയ വോട്ടര്‍മാരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതി തുടരണമോ എന്ന കാര്യം പുനപരിശോധിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി.റാവത്ത് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുവാനുള്ള ഫേസ്ബുക്കിന്റെ ഇത്തരം നീക്കത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും റാവത്ത് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഫേസ്ബുക്കുമായി ചേര്‍ന്ന് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷന്‍ 18 വയസ് തികഞ്ഞ പുതിയ വോട്ടര്‍മാര്‍ക്ക് ജന്മദിന സന്ദേശങ്ങള്‍ മുതല്‍ തെരഞ്ഞെടുപ്പ് രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് വോട്ടിങ്ങ് രേഖപ്പെടുത്തുന്നത് ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള  വാര്‍ത്തകള്‍വരെ ഫേസ്ബുക്ക് പ്രചരിപ്പിച്ചിരുന്നു. 

ലണ്ടന്‍ ആസ്ഥാനമായുള്ള ഡേറ്റാ വിശകലന കമ്പനിയായ 'കേംബ്രിജ് അനലറ്റിക്ക'ക്ക് ആണ് ഇത്തരത്തില്‍ ഫേസ്ബുക്കിന്റെ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇടപാടുകാര്‍ക്ക് നല്‍കിയതെന്ന ആരോപണം നേരിടുന്നുത്. ഈ കമ്പനി ബ്രിട്ടനിലും യു.എസ്സിലും തെരഞ്ഞെടുപ്പുകളില്‍ ഇത്തരത്തില്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ട്രംപിന് ഇത്തരത്തില്‍ 'കേംബ്രിജ് അനലറ്റിക്ക' സഹായിച്ചിരുന്നുവെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയില്‍ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ഫേസ്ബുക്ക് വിവരങ്ങള്‍ കോണ്‍ഗ്രസിന് കൈമാറിയിരുന്നതായി ബിജെപിയും ആരോപിച്ചിരുന്നു. 

click me!