
ദില്ലി സർക്കാർ തീരുമാനങ്ങളെ നിരന്തരം എതിർക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ദില്ലിസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ദില്ലിയിൽ പ്രവർത്തിക്കാൻ കഴിയുന്നില്ല എന്നാരോപിച്ചാണ് ദില്ലി സർക്കാർ അടിയന്തര ഹർജി സമർപ്പിച്ചത്.കേസ് തിങ്കളാഴ്ച്ച സുപ്രീംകോടതി പരിഗണിക്കും.
ദില്ലി സർക്കാർ കേന്ദ്ര സർക്കാർ പോര് തെരുവിൽ നിന്നും സുപ്രീംകോടതിയിലേക്ക് കടക്കുകയാണ്. കേന്ദ്ര സർക്കാരിന്‍റെ അനാവശ്യ ഇടപെടൽ കാരണം ദില്ലിയിൽ ഭരണം നടത്താൻ കഴിയുന്നില്ലെന്നാണ് ദില്ലി സർക്കാർ അരോപിക്കുന്നത്. ഭരണഘടനയുടെ നൂറ്റിമുപ്പത്തിയൊന്നാം അനുച്ഛേദ പ്രകാരം രാജ്യ തലസ്ഥാനത്തെ ഭരണം സംബന്ധിച്ച് കൃത്യമായ അതിർവരമ്പ് സുപ്രീംകോടതി തീരുമാനിക്കണം.ഫെഡറൽ സംവിധാനം അനുവദിക്കുന്ന സ്വാതന്ത്രം തങ്ങൾക്ക് ലഭിക്കുന്നില്ല എന്നും ദില്ലി സർക്കാർ ചൂണ്ടിക്കാട്ടുന്നു. ദില്ലി നിയമസഭ പാസ്സാക്കിയ ജൻലോക്പാൽ ബിൽ അടക്കം 15 ബില്ലുകളിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എതിർപ്പ് അറിയിച്ചിരുന്നു.എംഎൽഎമാർക്ക് പാർലമെന്‍ററി സെക്രട്ടറി സ്ഥാനം കൂടി നൽകിയ തീരുമാനം രാഷ്ട്രപതി എതിർത്തത് കെജ്രിവാൾ സർക്കാരിന് ഇരട്ടപ്രഹരമായി മാറിയിരുന്നു. ദില്ലി പൊലീസ് ദില്ലി സർക്കാരിന്‍റെ അധികാര പരിധിക്ക് പുറത്തു നിൽക്കുന്നതിലെ ഭരണപ്രശ്നങ്ങളും ദില്ലി സർക്കാർ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദില്ലി സർക്കാരിന്‍റെ നിയമനങ്ങൾ ലഫ് ഗവർണ്ണർ നജീം ജങ്ങ് നിരന്തരം എതിർക്കുന്നതും സർക്കാരിന്‍റെ പ്രവർത്തനങ്ങളെ പിന്നോട്ടടിച്ചുവെന്നും ഹർജിയിൽ പറയുന്നു. ദില്ലി സർക്കാരിന്‍റെ ഹർജിയിൽ ജൂലൈ നാലിന് സുപ്രീംകോടതി വാദം കേൾക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam