
ന്യൂഡല്‍ഹി: പല രംഗങ്ങളിലും ദൂരവ്യാപക പ്രത്യാഘാതത്തിന് ഇടയാക്കുന്നതാണ് സുപ്രീം കോടതിയുടെ സ്വകാര്യത മൗലിക അവകാശമെന്ന വിധി. നരേന്ദ്രമോദി സർക്കാരിന്റെ നയത്തിന് കോടതി വിധി കനത്ത തിരിച്ചടിയായി.
ആധാറിനെ മാത്രമായിരിക്കില്ല സ്വകാര്യത മൗലിക അവകാശം തന്നെയെന്ന സുപ്രീം കോടതി വിധി ബാധിക്കുക. നിയമപരിപാലനത്തിൽ തുടങ്ങി മാധ്യമലോകത്തു വരെ വിധി സ്വാധീനം ചെലുത്തും. ഇലക്ട്രോണിക്/അച്ചടി മാധ്യമങ്ങളിലും ടാബ്ളോയിഡുകളിലും സമൂഹ മാധ്യമങ്ങളിലുമൊക്കെ വ്യക്തികളുടെ വിവരങ്ങളും ചിത്രങ്ങളുമൊക്കെ നല്കുന്നതിന് നിയന്ത്രണങ്ങൾ കർക്കശമാക്കാൻ ഈ വിധി ഇടയാക്കാം. സ്വവർഗ്ഗ രതി ക്രിമിനൽ കുറ്റമല്ലാതാക്കാൻ നിയമം വേണമെന്ന വാദത്തിന് കോടതി വിധി ശക്തി പകർന്നേക്കും. പൗരൻമാരുടെ വിവരങ്ങൾ ശേഖരിക്കാൻ പല ഏജൻസികൾക്കും ഇപ്പോൾ അധികാരമുണ്ട്. എന്നാൽ ഇത് സംരക്ഷിക്കപ്പെടും എന്നത് ഉറപ്പാക്കാൻ സർക്കാരും ഏജൻസികൾ നിർബന്ധിതമാകും.
വീടുകളിൽ പരിശോധന നടത്താൻ നിലവിലുള്ള ചട്ടങ്ങൾ പോലും അന്വേഷണ ഏജൻസികൾ പാലിക്കാറില്ല. സുപ്രീംകോടതിയുടെ ഈ വിധി നിയമപരിപാലന ഏജൻസികളെയും പ്രവർത്തനശൈലി മാറ്റാൻ നിർബന്ധിതരാക്കും. വിവരാവകാശ നിയമം തയ്യാറാക്കുമ്പോൾ സ്വകാര്യത ചർച്ചയായിരുന്നു. സ്വകാര്യത സംരക്ഷിച്ചു കൊണ്ടുള്ള വ്യവസ്ഥകൾ തന്നെയാണ് നിയമത്തിലുള്ളതെങ്കിലും പുതിയ സാഹചര്യത്തിൽ ഭേദഗതികൾക്ക് ആവശ്യമുയരാം.
എന്തു ഭക്ഷണം കഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഉൾപ്പടെ ഇതിന്റെ കീഴിൽ വരുമോയെന്ന സംവാദവും ഭാവിയിൽ ഉയർന്നേക്കും. സ്വകാര്യത അവകാശമായി അംഗീകരിക്കാതെയുള്ള സമീപനം സ്വീകരിച്ച കേന്ദ്രത്തിന് വിധി പ്രഹരമായി. ഈ നയം തിരുത്തിയുള്ള നിയമഭേഗതികൾക്ക് നരേന്ദ്രമോദി സർക്കാരിനെ പ്രേരിപ്പിക്കുന്നതാണ് കോടതിവിധി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam