
ദില്ലി: ദേശീയ,സംസ്ഥാന പാതകളിലെ മദ്യശാലകള്‍ അടച്ചു പൂട്ടിയ വിഷയത്തില്‍ രാഷ്‌ട്രപതിയുടെ റഫറന്‍സിന് കേന്ദ്രം ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. മദ്യശാല ഉടമകള്‍ സുപ്രീം കോടതിയില്‍ നല്കുന്ന പുനപരിശോധനാ ഹര്‍ജിക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തേക്കും. ദേശീയ സംസ്ഥാന പാതകളിലെ മദ്യശാലകള്‍ അടച്ചുപൂട്ടിയതിനെതിരെ ബിജെപി ഭരിക്കുന്നത് ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് ശക്തമായ സമ്മര്‍ദ്ദമാണ് ഉയരുന്നത്.
അഞ്ചു സംസ്ഥാനങ്ങളെങ്കിലും ആവശ്യപ്പെട്ടാല്‍ രാഷ്‌ട്രപതിയുടെ റഫറന്‍സ് മുഖേന ഈ വിഷയത്തില്‍ വ്യക്തതത തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് കേന്ദ്ര നീക്കം. ഭരണഘടനയുടെ 143ആം അനുച്ഛേദം സുപ്രീം കോടതിയുടെ ഉപദേശം തേടിയുള്ള രാഷ്‌ട്രപതിയുടെ റഫറന്‍സിന് അധികാരം നല്‍കുന്നുണ്ട്. മുമ്പ് ടുജി സ്‌പെക്ട്രം കേസിലെ വിധി വന്നപ്പോള്‍ എല്ലാ പ്രകൃതി വിഭവങ്ങള്‍ക്കും ഇത് ബാധകമാണോ എന്ന കാര്യത്തില്‍ രാഷ്‌ട്രപതി ഉപദേശം തേടിയിരുന്നു.
സുപ്രീംകോടതി വിധി സംസ്ഥാനങ്ങള്‍ക്ക് വന്‍ വരുമാന നഷ്‌ടം ഉണ്ടാക്കുന്നു എന്നാണ് പരാതി. ചരക്കു സേവന നികുതി നടപ്പാക്കുമ്പോഴുള്ള നഷ്‌ടത്തിന് പുറമെയാണിതെന്ന് സംസ്ഥാനങ്ങള്‍ വാദിക്കുന്നു. ഇതാണ് അസാധാരണ വഴി തേടാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്. മദ്യശാകള്‍ക്ക് അനുകൂലമായ നിലപാടാണ് കേസില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കൈക്കൊണ്ടത്. റോതഗിയുടെ ഉപദേശം വിധി വന്നതിനു ശേഷമുള്ള സാഹചര്യത്തില്‍ കേന്ദ്രം തേടിയിട്ടുണ്ട്. ഒപ്പം മദ്യശാല ഉടമകളും സംസ്ഥാനങ്ങളും പുനപരിശോധന ഹര്‍ജി നല്‍കിയാല്‍ അതിനെ പിന്തുണയ്‌ക്കാനാണ് കേന്ദ്രത്തിന്റെ ആലോചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam