മുഖം മൂടി ധരിച്ച് ബൈക്കുകളിലെത്തി മാല പൊട്ടിച്ചെടുക്കുന്ന സംഘം പിടിയില്‍

By Web DeskFirst Published Apr 5, 2018, 7:05 PM IST
Highlights
  • പ്രതികള്‍ പിടിയിലായത് മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍
  • മാലമോഷ്ടിക്കാനെത്തിയത് കറുത്ത പള്‍സര്‍ ബൈക്കില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയുടെ തെക്കന്‍ പ്രദേശങ്ങളില്‍ മോഷണം തടയുന്നതി നായി ജില്ലാ പോലീസ് മേധാവി എസ്  സുരേന്ദ്രന്‍ രൂപീകരിച്ച അന്വേഷണ സംഘം മാല പൊട്ടിച്ചെടുക്കുന്ന കരുനാഗപ്പള്ളി പാവുമ്പ സ്വദേശികളായ സഹോദരന്‍മാര്‍ ഉള്‍പ്പെട്ട നാലംഗ സംഘത്തെ വലയിലാക്കി. പാവുമ്പ വടക്ക് പ്ലാവിളയില്‍ അനൂപ് (24), ഇയാളുടെ സഹോദരന്‍ ആദര്‍ശ്(18), പാവുമ്പ തെക്ക് അഖിലേഷ് ഭവനത്തില്‍  അഖിലേഷ്(21), പാവുമ്പ വടക്ക് അമ്പാടിയില്‍ രോഹിത് ഉണ്ണി(21) എന്നിവരാണ് പിടിയിലായത്. 

ചെങ്ങന്നൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിന്റെ മേല്‍ നോട്ടത്തില്‍ മാവേലിക്കര സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പാവുമ്പയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മാര്‍ച്ച് 13 ന് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിനടുത്തു വച്ച് നമ്പര്‍ പ്ലേറ്റ് മറച്ച കറുത്ത പള്‍സര്‍ ബൈക്കില്‍ ഹെല്‍മറ്റും മുഖം മറക്കുന്ന മാസ്‌കും ധരിച്ച് രണ്ട് യുവാക്കള്‍ കെഎസ്എഫ്ഇ ജീവനക്കാരിയായ യുവതിയെ അടിച്ച് വീഴ്ത്തി അഞ്ചര പവന്‍ തൂക്കം വരുന്ന മാല പൊട്ടിച്ചെടുത്ത് കടന്ന സംഭവത്തെത്തുടര്‍ന്ന് പൊലീസ് സംഘം ആലപ്പുഴ ജില്ലയിലും, സമീപ ജില്ലകളിലും രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ കറുത്ത പള്‍സര്‍ ബൈക്കുകള്‍ കേന്ദ്രീകരിച്ചും, നൂറു കണക്കിന് മൊബൈല്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്. 

വിശദമായ ചോദ്യം ചെയ്യലില്‍ 2018 ഫെബ്രുവരി മുതല്‍ ശാസ്താംകോട്ടയിലും കറ്റാനത്തും ഇവര്‍ നടത്തിയ മാലപൊട്ടിക്കല്‍ കേസുകള്‍ തെളിയിക്കപ്പെട്ടു. കറ്റാനത്ത് സ്‌കൂട്ടര്‍ യാത്രക്കാരിയായ സ്ത്രീയെ പിന്തുടര്‍ന്ന് ആക്രമിച്ച് മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പ്രതിരോധിച്ച് നിന്നതിനാല്‍ പൊട്ടിച്ചെടുത്ത കുറച്ച് ഭാഗം മാത്രമേ ഇവര്‍ക്ക് കൈക്കലാക്കാന്‍ കഴിഞ്ഞുള്ളൂ. മാര്‍ച്ച്25 ന് ശാസ്താംകോട്ട ഐസിഎസ് ജങ്ഷനു സമീപം പിഡബ്ല്യൂഡി ജീവനക്കാരിയായ സ്ത്രീയെ ആക്രമിച്ച് അഞ്ച് പവന്‍ മാല കവര്‍ന്നതും ഈ സംഘമാണ്. ഈ മാല പൊട്ടിക്കല്‍ കേസുകളിലെല്ലാം ഇവര്‍ ഉപയോഗിച്ചത് കറുത്ത പള്‍സര്‍ ബൈക്കായിരുന്നു. 

സുഹൃത്തില്‍ നിന്നും കടമെടുത്ത ഈ ബൈക്ക് ഹെല്‍മറ്റ് ധരിച്ച് ആദര്‍ശ് ഓടിക്കുകയും, മുഖം മറക്കുന്ന മാസ്‌ക് ധരിച്ച് പിന്നിലിരുന്ന് അഖിലേഷ് മാല പൊട്ടിക്കുകയുമാണ് പതിവ്. ഇവരുടെ പിന്നാലെ ആഡംബര കാറില്‍ വരുന്ന ബാക്കി സംഘാംഗംങ്ങള്‍ക്ക് പൊട്ടിച്ചെടുക്കുന്ന മാല കൈമാറുകയും ഇവര്‍ കരുനാഗപ്പള്ളിയിലെ സ്വര്‍ണ്ണക്കടകളില്‍ വിറ്റ് പണമാക്കുകയുമാണ് ചെയ്യുന്നത്. നാട്ടില്‍ മാന്യന്മാരായി ജീവിക്കുന്ന പ്രതികള്‍ ആഡംബര കാറും, ബൈക്കും മറ്റും മോഷണ മുതല്‍ വിറ്റ് വാങ്ങിയിട്ടുണ്ട്. പ്രദേശവാസികള്‍ക്ക് സംശയം തോന്നാതിരിക്കാന്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ് ഇവര്‍ നീങ്ങിയിരുന്നത്. 

മോഷണ മുതലുകളില്‍, കരുനാഗപ്പള്ളിയിലുള്ള വിവിധ ജൂവലറികളില്‍ വില്‍ക്കുകയും പണയം വെക്കുകയും ചെയ്ത 8 പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ വീണ്ടെടുത്തു. മോഷണ മുതലുകള്‍ വിറ്റ് കിട്ടുന്ന പണം ആഡംബര ജീവിതത്തിനും, ഉല്ലാസ യാത്രകള്‍ക്കുമായാണ് ചെലവഴിച്ചിരുന്നത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി
ഇവര്‍ കൂടുതല്‍ കവര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നതായി സിഐ പി ശ്രീകുമാര്‍ പറഞ്ഞു. പ്രതികളെ മാവേലിക്കര കോടതി റിമാന്‍ഡ് ചെയ്തു. 

click me!