നീരേറ്റുപുറത്ത് ചമ്പക്കുളം ചുണ്ടന്‍ ജലരാജാവ്

By Web DeskFirst Published Sep 4, 2017, 6:01 AM IST
Highlights

നീരേറ്റുപുറം പമ്പാ ജലോത്സവത്തില്‍ ചമ്പക്കുളം ചുണ്ടന്‍ ജേതാക്കള്‍. മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലിനെ പിന്നിലാക്കിയാണ് ചമ്പക്കുളം ചുണ്ടന്‍ ഒന്നാമതെത്തിയത്.

പ്രസിദ്ധമായ നീരേറ്റുപുറം ജലോത്സവത്തില്‍ മത്സരിച്ചത് ആറു ചുണ്ടന്‍ വള്ളങ്ങള്‍. ഫൈനലിലെത്തിയത് ചമ്പക്കുളം ചുണ്ടനും മഹാദേവികാട് കാട്ടില്‍ തെക്കേതിലും സെന്‍റ് ജോര്‍ജും.

പമ്പാ നദിയുടെ ഓളങ്ങളെ ആവേശം കൊള്ളിച്ച പോരാട്ടത്തില്‍ ഒന്നാമതെത്തിയത് ചമ്പക്കുളം ചുണ്ടന്‍. നേരിയ വ്യത്യാസത്തിന് മഹാദേവി കാട് കാട്ടില്‍ തെക്കേതില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വെപ്പ് ഗ്രേഡ് ഒന്ന് വിഭാഗത്തില്‍ അമ്പലക്കടവന്‍ ഒന്നാം സ്ഥാനത്തെത്തി. ഷോട്ട് പുളിക്കത്രക്കാണ് രണ്ടാം സ്ഥാനം.

നെഹ്റു ട്രോഫി ജലോത്സവത്തിന് ശേഷം കുട്ടനാട്ടുകാരുടെ ആവേശം വാനോളമുയര്‍ന്ന നിമിഷങ്ങളായിരുന്നു നീരേറ്റുപുറത്തേത്. തിരുവല്ലയുടേയും കുട്ടനാടിന്‍റേയും അതിര്‍ത്തിയായ നീരേറ്റുപുറത്തിന്റെ ഇരുകരകളിലുമായി ഒന്നിച്ചത് നാലായിരത്തിലേറെ കാണികളാണ്.

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനാണ് അറുപത്തിയൊന്നാമത് നീരേറ്റുപുറം ജലോത്സവം ഉദ്ഘാടനം ചെയ്തത്.

 

click me!