
ദില്ലി: ഹിസ്ബുല്‍ മുജാഹിദീന്‍ നേതാവ് സയ്യിദ് സലാഹുദ്ദീനും ലഷ്‌കറെ ത്വയ്ബ നേതാവ് ഹാഫിസ് സയ്യിദും ഉൾപ്പടെ 14 പേർക്കെതിരെ 1279 പേജുള്ള കുറ്റപത്രം എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ചു.
കശ്മീരില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍ഐഎയുടെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ കസ്റ്റഡിയിലെടുത്ത 10 പേരുടെ കസ്റ്റഡി കാലാവധി വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയുടെ ചെറുമകനെയും കേസിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഇവർക്കെതിരായ കുറ്റങ്ങൾക്ക് ആവശ്യമായ എല്ലാ തെളിവുകളും അന്വേഷണത്തിനിടെ കണ്ടെത്തിയിട്ടുണ്ട്. 60 സ്ഥലങ്ങൾ റെയ്ഡ് ചെയ്തതിൽനിന്ന് 950 രേഖകൾ കണ്ടെടുത്തിട്ടുണ്ട്. കേസിൽ 300 സാക്ഷികളുണ്ടെന്നും എൻഐഎ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.
ഹുറിയത്ത് നേതാക്കളായ സയ്യിദ് അലി ഷാ ഗീലാനി, ബാഷിർ അഹമ്മദ് ഭട്ട്, വ്യവസായി സഹൂർ അഹമ്മദ് ഷാ വത്താലി, ഫോട്ടോ ജേർണലിസ്റ്റ് കമ്രാൻ യൂസഫ്, അഫ്താബ് അഹമ്മദ് ഷാ, അൽതാഫ് അഹമ്മദ് ഷാ, നയീം അഹമ്മദ് ഖാൻ, ഫാറൂഖ് അഹമ്മദ് ധർ, മുഹമ്മദ് അക്ബർ ഖാണ്ടെ, രാജാ മെഹ്റജുദ്ദീൻ കൽവാൾ എന്നിവരാണ് കുറ്റപത്രത്തിലെ മറ്റുള്ളവർ.
സയീദിന്റെയും സലാഹുദ്ദീന്റെയും ‘അവരെ നിയന്ത്രിക്കുന്ന പാക്ക് പ്രതിനിധി’യുടെയും നിർദേശങ്ങൾ അനുസരിച്ചു ഹുറിയത്ത് നേതാക്കൾ സർക്കാരിനെതിരെ അക്രമകരമായ പ്രതിഷേധങ്ങൾക്ക് പദ്ധതിയിട്ടെന്നു കുറ്റപത്രത്തിൽ പറയുന്നു. പ്രാദേശിക മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലുടെയും മത നേതാക്കളിലൂടെയും പുറത്തുവിടുന്ന ‘പ്രതിഷേധ കലണ്ടറി’ലൂടെ ഇവർ ജനങ്ങളുമായി സംവദിക്കുന്നുണ്ട്. ഇതു ജമ്മു കശ്മീരിൽ ഭീകരതയുടെയും ഭയത്തിന്റെയും ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു, എന്‍ഐഎ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam