
ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിര്‍മ്മിത വസ്‍തു ഏത് എന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളു. ഈഫല്‍ ടവര്‍ എന്നാണത്. എന്നാല്‍ ഈഫല്‍ ടവറിനെക്കാള്‍ ഉയരത്തില്‍ നമ്മുടെ ഇന്ത്യയില്‍ ഒരു പാലം ഒരുങ്ങുന്നുണ്ട്. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമ്മാണത്തിലിരിക്കുന്ന റെയില്‍വേ പാലം. ലോകത്തിലെ തന്നെ ഏറ്റവും ഉയരമുള്ള പാലം എന്നായിരിക്കും ഈ പാലം അറിയപ്പെടുക . നദിയിൽ നിന്നും 359 മീറ്റർ ഉയരത്തിലാണ് ഈ പാലം. അതായത് പാരിസിലെ ഈഫൽ ടവറിനേക്കാൾ ഒൻപത് മീറ്റർ ഉയരക്കൂടുതല്‍.
കശ്മീരിലെ റീസി ജില്ലയിൽ കത്ര-ബനിഹാൾ റൂട്ടിലുള്ള റെയിൽവെ പാലം 2019ൽ പണി കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 66 ശതമാനം ജോലികളും പൂർത്തിയായിക്കഴിഞ്ഞു. 1.3 കി.മീ നീളമുള്ള പാലത്തിന് 1,250 കോടി രൂപയാണ് നിർമാണ ചിലവ്. 1,300 ഓളം തൊഴിലാളികളും 300ഓളം എൻജിനീയർമാരുമാണ് 2019ൽ പാലം പണി പൂർത്തിയാക്കാനായി ജോലി ചെയ്തുകൊണ്ടിരിക്കുന്നത്.
100 കി.മീ വേഗതയുള്ള കാറ്റ് അടിക്കാൻ സാധ്യതയുള്ള പ്രദേശമായതിനാൽ പാലം മറ്റൊരിടത്തേക്ക് മാറ്റി നിർമിക്കുന്നതിനെക്കുറിച്ച് റെയിൽവെയുടെ സാങ്കേതിക വിദഗ്ധർ നേരത്തേ ആലോചിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ഓട്ടോമാറ്റിക് സിഗ്നലിങ് സംവിധാനത്തിന്‍റെ സഹായത്തോടെ കാറ്റിന്‍റെ ഗതിയും വേഗതയും തിരിച്ചറിയാൻ സാധിക്കും. അതിനാൽ വേഗതയേറിയ കാറ്റടിക്കുന്ന സമയങ്ങളിൽ ഇതിലൂടെയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെക്കാനാണ് ഉദ്ദേശിക്കുന്നത്. നിർമാണത്തിലിരിക്കുന്ന പാലത്തിന് 120 വർഷം നിലനിൽക്കാനാവുമെന്നും 260 കി.മീവേഗതയുള്ള കാറ്റിനെപോലും അതിജീവിക്കാനുള്ള ശേഷിയുണ്ടെന്നും റെയിൽവെ അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam