
ചെങ്ങന്നൂര്‍: ആവേശകരമായ ഉപതിരഞ്ഞെടുപ്പിന്റെ അന്തിമഫലം വരാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കേ ചെങ്ങന്നൂരിന്റെ മുന്‍കാല വോട്ടുചരിത്രം ഒന്നു കൂടി പരിശോധിക്കാം.
2016 മേയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ 52880 വോട്ടുകള്‍ നേടി 7983 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.കെ.രാമചന്ദ്രന്‍ നായര്‍ ചെങ്ങന്നൂരില്‍ ജയിച്ചത്. രണ്ടാം സ്ഥാനത്ത് വന്ന പി.സി.വിഷ്ണുനാഥ് 44,897 വോട്ടുകള്‍ നേടി. എന്‍ഡിഎ സ്ഥാനാര്‍ഥി പിഎസ്.ശ്രീധരന്‍ പിള്ള 42,682 വോട്ടുകളും നേടി. 2215 വോട്ടുകളുടെ വ്യത്യാസമാണ് കഴിഞ്ഞ തവണ യുഡിഎഫ്-ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലുണ്ടായിരുന്നത്.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചെങ്ങന്നൂരില്‍ 7818 വോട്ടുകളുടെ ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് ഇവിടെ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ചെങ്ങറ സുരേന്ദ്രന്‍ 47951 വോട്ടും, എന്‍ഡിഎ സ്ഥാനാര്‍ഥി പി.സുധീര്‍ 15716 വോട്ടുമാണ് നേടിയത്.
2018-ലേക്ക് വരുമ്പോള്‍ പോളിംഗ് കൂടിയതാണ് പ്രധാന സവിശേഷത. 1987-ന് ശേഷം ഏറ്റവും മികച്ച പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. 76.27 ശതമാനമാണ് ഇത്തവണത്തെ പോളിംഗ്. 1987-ലാണ് ഇതിലേറെ പോളിംഗ് രേഖപ്പെടുത്തിയത്. 79.69 ശതമാനം. എല്‍.ഡി.എഫിലെ മാമന്‍ ഐപ്പായിരുന്നു അന്ന് വിജയിച്ചത്.
യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ച 1991 മുതല്‍ 2011 വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ പോളിംഗ് 71-73 എന്ന നിലയിലായിരുന്നു. പോളിംഗ് കുറഞ്ഞാല്‍ യുഡിഎഫിനും കൂടിയാല്‍ എല്‍ഡിഎഫിനും സാധ്യത എന്നാണ് ചെങ്ങന്നൂരിലെ മുന്‍കാല സമവാക്യം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയ കുതിപ്പോടെ സമവാക്യങ്ങളില്‍ മാറ്റം വന്നു.
ഇക്കുറിയും ബിജെപി കാര്യമായ പ്രചരണം മണ്ഡലത്തില്‍ നടത്തിയിട്ടുണ്ട്. മൂന്ന് സ്ഥാനാര്‍ഥികളും നല്ല ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുമുണ്ട്. എന്നാല്‍ അടിയൊഴുക്കുകള്‍ നടന്നുവെന്ന് മൂന്ന് കൂട്ടരും ആശങ്കപ്പെടുന്നു. അങ്ങനെ സംഭവിച്ചെങ്കില്‍ അത് ഏത് രീതിയില്‍ ആര്‍ക്ക് ഗുണമായി ഭവിച്ചു എന്ന്. വരും നിമിഷങ്ങളില്‍ അറിയാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam