ഇറാഖ് യുദ്ധത്തിന്‍റെ ഉത്തരാവാദിത്തമേറ്റെടുത്ത് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി

By Web DeskFirst Published Jul 7, 2016, 2:37 AM IST
Highlights

ലണ്ടന്‍: 2003ലെ ഇറാഖ് ആക്രമണത്തിന്‍റെ  ഉത്തരാവാദിത്തമേറ്റെടുത്ത് ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലയർ. തീവ്രവാദത്തിനെതിരെ നിന്നയാളാണ് സദ്ദാം ഹുസൈനെന്ന് വിശ്വസിക്കുന്നില്ലെന്നും സദ്ദാം ഹുസൈന്‍റെ കാലത്ത് രാസായുധം ഉപയോഗിച്ചിരുന്നെന്നും ബ്ലയർ പറഞ്ഞു.

2003ലെ ഇറാഖ് അധിനിവേശത്തെക്കുറിച്ച് അന്വേഷിച്ച ജോൺ ഷിൽകോട്ട് ടോകമ്മീഷൻ കഴിഞ്ഞ ദിവസമാണ് അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ണി ബ്ലയറിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. റിപ്പോർട്ടിനെക്കുറിച്ച് പ്രതികരിക്കവെ  ഇറാഖിനെ ആക്രമിക്കാനുള്ള തീരുമാനം തന്‍റെ കാലത്തെടുത്ത ഏറ്റവും വേദനാജനകമായ തീരുമാനമാണെന്ന് പറഞ്ഞ ടോണി ബ്ലയർ അന്നത്തെ ഇറാഖ് പ്രസിഡണ്ട് സദ്ദാം ഹുസൈനെ കടുത്ത ഭാഷയിൽ വിമർശിച്ചു. 

സദ്ദാം ഹുസൈൻ ഗൾഫ് മേഖലയിലെ സമാധാനം നശിപ്പിച്ചയാളാണെന്നാണ് ടോണിബ്ലയറിന്‍റെ ആരോപണം. 1981ൽ അണു ബോംബുണ്ടാക്കാനുള്ള ശ്രമം ഇസ്രയേലിന്‍റെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെട്ടെന്നും ഇറാനുമായുള്ള യുദ്ധത്തിൽ ഇറാഖ് രാസായുധം ഉപയോഗിച്ചിരുന്നെന്നും ബ്ലയർ കുറ്റപ്പെടുത്തുന്നു. കുവൈറ്റിനെ ആക്രമിച്ച സദ്ദാം ഇറാഖികളെപ്പോലും കൊന്നയാളാണെന്നും ബ്ലയർ പറയുന്നു. 

ഇന്‍റലിജന്‍സ് സംവിധാനം തെറ്റായി വാർത്ത നൽകിയത് യുദ്ധത്തിലേക്ക് പോകാൻ കാരണമായെന്ന കമ്മീഷന്‍റെ  കണ്ടെത്തലിനെ   അംഗീകരിച്ച ബ്ലയർ ഇറാഖിനെ ആക്രമിക്കാനുള്ള ബ്രിട്ടന്‍റെ തീരുമാനത്തിലുള്ള മുഴുവൻ ഉത്തരവാദിത്തവും താൻ  ഏറ്റെടുക്കുന്നെന്നും പറഞ്ഞു. ഇതിനിടെ  ബ്ലയറിനെതിരെ  കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് ഇറാഖ് യുദ്ധത്തിൽ കൊല്ലപ്പെട്ട ബ്രിട്ടീഷ് പട്ടാളക്കാരുടെ ബന്ധുക്കൾ രംഗത്തെത്തി. 

അമേരിക്കൻ പ്രസിഡണ്ട് ബറാഖ് ഒബാമയും ഷിൽകോട്ട് റിപ്പോർട്ടിനെ അനുകൂലിച്ച് രംഗത്തെത്തി. യുദ്ധം തെറ്റായിരുന്നെന്ന് തുറന്നു പറഞ്ഞാണ് താൻ  അധിനിവേശത്തിന്‍റെ പ്രത്യാഘാതങ്ങളെ നേരിട്ടതെന്ന് അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമ പ്രതികരിച്ചു.

click me!