കോഴിക്കോട് ബാലവേല; ആറ് കുട്ടികളെ രക്ഷപ്പെടുത്തി

By Web DeskFirst Published Nov 14, 2017, 10:42 PM IST
Highlights

കോഴിക്കോട് ഉടുമ്പ്രക്കടവിലെ മിഠായി നിര്‍മ്മാണ കേന്ദ്രത്തില്‍ ജോലി ചെയ്യിപ്പിക്കുകയായിരുന്ന തമിഴ്നാട് സ്വദേശികളായ ആറ് കുട്ടികളെ രക്ഷപ്പെടുത്തി. ബാല വേല ചെയ്യിപ്പിച്ചതിന് നിര്‍മ്മാണ കേന്ദ്രം ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു.

കോഴിക്കോട് തിരുവണ്ണൂര്‍ ഉടുമ്പ്രക്കടവിലെ ഗിഫ്റ്റി സ്വീറ്റ്സ് മിഠായി നിര്‍മ്മാണ കേന്ദ്രത്തിലായിരുന്നു ബാല വേല. 12 മുതല് 18 വയസ് വരെയുള്ള ആറ് കുട്ടികളെയാണ് ഇവിടെ ജോലി ചെയ്യിപ്പിച്ചിരുന്നത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍, തൊഴില്‍ വകുപ്പ്, ജുവനൈല്‍ പോലീസ് യൂണിറ്റ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ബാലവേല കണ്ടെത്തിയത്. കുട്ടികളെല്ലാം തമിഴ്നാട് സ്വദേശികളാണ്.

പുലര്‍ച്ചെ മുതല്‍ വൈകുവോളം കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന അവസ്ഥയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. മിഠായി നിര്‍മ്മാണ കേന്ദ്രത്തിന്‍റെ ഉടമയായ തമിഴ്നാട് സ്വദേശി സത്റക് ശെല്‍വരാജിനെതിരെ കേസെടുത്തു. രക്ഷപ്പെടുത്തിയ കുട്ടികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

വരും ദിവസങ്ങളിലും ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിശോധന തുടരാനാണ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്‍റെ തീരുമാനം. കോഴിക്കോട് മാങ്കാവിലെ ഒരു ബേക്കറിയില്‍ ജോലി ചെയ്യിപ്പിക്കുകയായിരുന്ന നാല് കുട്ടികളെ രണ്ട് മാസങ്ങള്‍ക്ക് മുമ്പ് അധികൃതര്‍ രക്ഷപ്പെടുത്തിയിരുന്നു.

click me!