ഒരു ഞരമ്പിപ്പോഴും പച്ചയായി നില്‍പ്പുണ്ട്

By Web DeskFirst Published Jul 6, 2016, 12:12 AM IST
Highlights

മണ്ണും മരങ്ങളും ആകാശവും കടലുമൊക്കെ സ്വന്തം കൈപ്പിടിയിലെന്നു ധരിച്ചു വച്ചിരിക്കുന്ന ചിലര്‍. പ്ലാസ്റ്റിക്കും പുകയും രാസവസ്തുക്കളുമൊക്കെ പുരട്ടി അവര്‍ ഭൂമിയെ മലിനമാക്കി, വെടക്കാക്കി തനിക്കാക്കിക്കൊണ്ടിരിക്കുന്ന കാലം.  ഒരു ഞരമ്പിപ്പോഴും പച്ചയായുണ്ടെന്ന് ഒരു ഇല തന്റെ ചില്ലയോടും ഇലയൊന്നും പൊഴിയാതെ ഇപ്പോഴും ബാക്കിയുണ്ടെന്ന് ആ ചില്ല കാറ്റിനോടും പറയുന്നതായി കവി സച്ചിദാനന്ദന്‍ പാടിയത് ഈ കെട്ടകാലത്തെക്കുറിച്ചാണ്. മറ്റൊരു ചില്ല കാറ്റില്‍ കുലങ്ങാതെ നില്‍പ്പുണ്ടെന്ന് ഏതോ ഒരു മരം ഏതോ ഒരു പക്ഷിയോടും ഒരുമരമെങ്കിലും വെട്ടാതെ ഒരു കോണില്‍ കാണുമെന്നൊരു കാട് ഭൂമിയോടും പറഞ്ഞതായി സ്വപ്നം കാണുന്നുണ്ട് കവി. എണ്ണിയാലൊടുങ്ങാത്ത കണ്ണികളായി തുടരുകയാണ് കവിയുടെയും പ്രകൃതിയുടെയും അതിജീവന പ്രതീക്ഷകള്‍.

നിലവിലുള്ള മുഖ്യധാരാ പൊതുബോധമാണ് പരിസ്ഥിതിയുടെയും പ്രകൃതിയുടെയും മുഖ്യശത്രു. മനുഷ്യന് ഉപയോഗിക്കാന്‍ മാത്രമുള്ളതാണ് മണ്ണും മരങ്ങളും പുഴകളും മലകളുമൊക്കെയെന്നുള്ള വികലമായ പൊതുബോധം. ചുറ്റുമുള്ള ജീവജാലങ്ങളൊന്നും വിദൂരസ്മൃതികളില്‍പ്പോലും കടന്നു വരാത്ത ദുഷിച്ച പൊതുബോധം. കേരളത്തെ മാത്രമെടുത്താല്‍ ഐന്തിണകളുടെ കാലം മുതല്‍ തുടരുന്നു ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ ഈ കാഴ്ചപ്പാട്. സംഘകാലത്തും ഫ്യൂ‍ഡല്‍ നാളുകളിലും നവോത്ഥാന കാലത്തുമൊന്നും അത് തിരുത്തപ്പെട്ടില്ലെന്നു മാത്രമല്ല കൂടുതല്‍ ആഴങ്ങളിലേക്കു വേരിറങ്ങുകയും ചെയ്തു.  ഇതേ ബോധമാണ് സമൂഹത്തിന്‍റെ മനസ്സില്‍ ഇന്നും പതിഞ്ഞു കിടക്കുന്നതും.

ഫാക്ടറികളും അണക്കെട്ടുകളും മാനം മുട്ടുന്ന കെടിടങ്ങള്‍ നിറഞ്ഞ നഗരങ്ങളുമാണ് നമ്മുടെ വികസന കാഴ്ച്ചപ്പാടുകള്‍. ആശങ്കയുയര്‍ത്തുന്ന രീതിയിലാണ് പ്രകൃതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്. കാലം തെറ്റുന്ന കാലാവസ്ഥയും ഉയരുന്ന താപനിലയുമെല്ലാം ആപത്കരമായ ഭാവിയുടെ സൂചനകളാണ് നല്‍കുന്നത്.

ഈ പൊതുബോധത്തിന്‍റെ തിരുത്തലാവണം പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഒന്നാം ഘട്ടം. പ്രകൃതിയെന്നാല്‍ താന്‍ തന്നെയാണെന്ന തിരിച്ചറിവ് ഓരോ മനുഷ്യനും ഉണ്ടാകണം.  ശ്വസിക്കാന്‍ ശുദ്ധവായുവും കുടിക്കാന്‍ ശുദ്ധജലവും, കഴിക്കാന്‍ വിഷമുക്ത ആഹാരവും രോഗവിമുക്തമായ സമൂഹവും ശുചിത്വപൂര്‍ണമായ പരിസരവുമാണ് നമുക്ക് വേണ്ടത്. ആ ബോധത്തിന്‍റെ വിത്തെറിയാന്‍ പറ്റിയ ഇടങ്ങളാണ് കുട്ടികള്‍. കുട്ടിമനസ്സുകളെ പരുവപ്പെടുത്തുന്നതിലൂടെ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആണ്‍കോയ്മയില്‍ അധിഷ്ഠിതമായ കീഴടക്കല്‍ ചിന്തകളെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിയും.

പ്രകൃതിയും പ്രകൃതിസംരക്ഷണവും പാഠപുസ്തകത്തില്‍ മാത്രമായി ഒതുങ്ങാതെ കുട്ടികളെ പ്രകൃതിയെന്താണെന്നു കാട്ടിക്കൊടുക്കണം. അതിന്റെ സംരക്ഷണമെങ്ങനെ വേണമെന്നും പറഞ്ഞു കൊടുക്കണം. അതിനെക്കുറിച്ചുള്ള തിരിച്ചറിവുകള്‍ നല്‍കണം.  നാളെ നമുക്ക് ജീവിക്കണമെങ്കില്‍ പ്രകൃതി വേണമെന്നുള്ള ബോധത്തോടെ അവനവനെപ്പോലെ, അവനവന്‍റെ കുട്ടികളെപോലെ പ്രകൃതിയേയും സ്‌നേഹിക്കാനും സംരക്ഷിക്കാനും സാധിക്കണം.

എല്ലാം ശീലത്തിന്‍റെ ഭാഗമാണ്. ചെറുപ്പത്തിലേ പിടികൂടുക എന്നൊരു ചൊല്ലുണ്ട്. നന്മയുടെ വിത്തുകള്‍ കുരുന്നു ജീവിതങ്ങളിലേക്ക് എറിഞ്ഞിടുക. അത് തനിയെ തളിരിടും. തഴച്ചുവളരും. വ്യവസ്ഥാപിത സങ്കല്‍പ്പങ്ങളൊക്കെ ആ പച്ചപ്പില്‍ മുങ്ങിപ്പോയ്ക്കൊള്ളും. ബാല്യം അതിന്റേതായ രീതിയില്‍ ആസ്വദിച്ചും അനുഭവിച്ചും വളരുന്ന ഒരു കുഞ്ഞിനു മാത്രമേ നാളത്തെ ഉത്തമ പൗരനാകാന്‍ കഴിയൂ. എങ്കിലേ കവി പാടിയ പോലെ ഒരു കാടു ഭൂമിയില്‍ ബാക്കിയുണ്ടെന്നൊരു മലയ്ക്കു സൂര്യനെ ആശ്വസിപ്പിക്കാന്‍ കഴിയൂ. ഒരു സൂര്യനിനിയും കെടാതെയുണ്ടെന്നു പടരുന്ന രാത്രിയെ നമുക്ക് ഓര്‍മ്മിപ്പിക്കാന്‍ സാധിക്കൂ. പുഴകള്‍ പാട്ടട്ടെ. കാടും കരുണയും തളിരിടട്ടെ. പുതുസൂര്യന്‍ മഞ്ഞിന്‍റെ തംബുരു മീട്ടിടട്ടെ. പീഡിതരൊക്കെയും പുതിയൊരു പുലരിയോടൊപ്പം പുതിയൊരു ലോകത്തേക്ക് ഉറക്കമുണരട്ടെ.

click me!