അതിര്‍ത്തിയിലെ ചൈനീസ് പ്രകോപനം; ഇന്ത്യാ-ചൈനാ ബന്ധം വഷളാകുന്നു

By Web DeskFirst Published Jun 27, 2017, 2:44 PM IST
Highlights

ദില്ലി: നാഥുലാപാസിലും സിക്കിം അതിര്‍ത്തിയിലും ചൈനീസ് സൈന്യം ഉയര്‍ത്തുന്ന പ്രകോപനം ഇന്ത്യ-ചൈന ബന്ധം വഷളാക്കുന്നു. ഇന്നലെ കൈലാസ യാത്രികരെ ചൈനീസ് പട്ടാളം തടഞ്ഞിരുന്നു.സിക്കിമില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ബങ്കറുകളും നശിപ്പിച്ചു.എന്നാല്‍ അതിര്‍ത്തിയിലെ സമാധാനം ഇല്ലാതാക്കുന്നത് ഇന്ത്യയാണെന്ന് ചൈന ആരോപിച്ചു.
 
സിക്കിം അതിര്‍ത്തിയിലെ ചൈനയുടെ റോഡ് നിര്‍മ്മാണം ഇന്ത്യന്‍ സൈന്യം തടഞ്ഞതിന് പിന്നാലെയാണ് അതിര്‍ത്തിയിലെ പ്രകോപനം. അതിര്‍ത്തി ലംഘിച്ചായിരുന്നു റോഡ് നിര്‍മ്മാണമെന്ന ഇന്ത്യയുടെ വാദം ചൈന അംഗീകരിച്ചിട്ടില്ല. റോഡ് നിര്‍മ്മാണം തടഞ്ഞതിന്റെ പ്രതികാരമായി അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ രണ്ട് ബങ്കറുകള്‍ ചൈന നശിപ്പിച്ചു. പ്രദേശത്ത് ഇരുരാജ്യങ്ങളുടെ സൈനികര്‍ തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ഈ സംഭവങ്ങളുടെ തുടര്‍ച്ചയായാണ് നാഥുലാപാസ് വഴിയുള്ള കൈലാസ യാത്രികരെ ഇന്നലെ ചൈനീസ് പട്ടാളം തടഞ്ഞത്. ഇതോടെ 47 കൈലാസ യാത്രികര്‍ നാഥുലാപാസില്‍ കുടുങ്ങി. മുന്‍ ധാരണകള്‍ ലംഘിച്ച് ചൈന അനാവശ്യപ്രകോപനമാണ് ഉണ്ടാകുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം എല്ലാ കുഴപ്പത്തിനും കാരണം ഇന്ത്യയാണെന്നും അതിര്‍ത്തിയിലെ സമാധാനം ഇന്ത്യ ഇല്ലാതാക്കുകയാണെന്നും ചൈനീസ് പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു.

അതിര്‍ത്തിയില്‍ ചൈന നിലപാട് കടുപ്പിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയാണ്. ഇന്ത്യ-അമേരിക്ക സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി മോദി-ട്രംമ്പ് കൂടികാഴ്ചകള്‍ നടക്കുന്നതിനിടെയാണ് അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനം. അതിര്‍ത്തി പ്രശ്നത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ചൈന വ്യക്തമാക്കിയിട്ടുണ്ട്.

 

click me!